മനാമ: ബഹ്‌റൈനിലെ പ്രവാസികേരളീയര്‍ക്കായി 2025 മെയ് ഒന്‍പതിന് ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം സമാജം ബാബു രാജന്‍ ഹാളില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരും വിവിധ സംഘടന പ്രതിനിധികളും തൊഴിലാളികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായുളള എന്‍.ഡി.പി.ആര്‍.ഇ.എം മുഖേന 1,400 സംരംഭങ്ങളും പ്രവാസി ഭദ്രതാ പദ്ധതി പ്രകാരം 8,600 ലേറെ സംരംഭങ്ങളും തുടങ്ങാനായതായും യോഗത്തില്‍ വിശദീകരിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടു നോര്‍ക്ക നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് സി.ഇ.ഒ അജിത്ത് കോളശ്ശേരി മറുപടി നല്‍കി.
പ്രവാസികളുടെ മക്കളുടെ തുടര്‍പഠനത്തിനായി നോര്‍ക്ക ഡയറക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നതായി സി.ഇ.ഒ അറിയിച്ചു. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ സ്വാഗതം ആശംസിച്ചു.സമാജം നോര്‍ക്ക ബി.കെ.എസ് ഇന്‍ചാര്‍ജ് വര്‍ഗ്ഗീസ് ജോര്‍ജ്ജ് കോര്‍ഡിനേറ്റര്‍ കെ.ടി.സലിം, കണ്‍വീനര്‍ സക്കറിയ.ടി.എബ്രഹാം എന്നിവരാണ് ഓപ്പണ്‍ ഹൗസിന്റെ ഏകോപനം നിര്‍വ്വഹിച്ചത്.
