പ്രഭാതചിന്ത
-എഎം യാസര്‍
‘സമാധാനം കാംക്ഷിച്ചുളള യുദ്ധം ധാര്‍മ്മികമായിരിക്കാം, പക്ഷേ സമാധാനത്തിന്റെ സാധ്യത ഉണ്ടായിരിക്കേ അതിന് മുതിരാതിരിക്കുക അത്യന്തം അധാര്‍മ്മികമാണ്.’ ഗാസയിലെ ജനങ്ങള്‍ ഇന്ന് കഷ്ടപ്പെടുകയാണ്. കുട്ടികള്‍ പട്ടിണിയിലാണ്, സ്ത്രീകള്‍ അഭയം തേടുകയാണ്, പുതിയ തലമുറയുടെ ഭാവി അനിശ്ചിതമാണ്. സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിലേക്കുള്ള കാല്‍വെപ്പിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്.
ഇസ്രായേലിന്റെ ഗാസ യുദ്ധം ഈ ബുധനാഴ്ച്ച് 600 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത ഈ യുദ്ധത്തിന് ഒരന്ത്യം ഇപ്പോഴും കാണുന്നില്ല. യുദ്ധം അവസാനിപ്പിക്കാന്‍ വഴി ഇല്ലാത്തതുകൊണ്ടല്ല. ആ വഴിക്ക് പോകാന്‍ തയാറില്ലാത്തതുകൊണ്ടാണ്.
യുദ്ധം തുടങ്ങിയതിനു തൊട്ടുപിറകെ ഇസ്രയേല്‍, അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗാസയുടെ ഭാവി ഭരണമോഡല്‍ രൂപീകരിച്ചു. അന്താരാഷ്ട്ര സമാധാനസേനയുടെ മേല്‍നോട്ടത്തില്‍ നവീകരിച്ച ഫലസ്തീന്‍ ഭരണകൂടം ഗാസ ഭരിക്കുക, ഹമാസിനെ മാറ്റിനിര്‍ത്തുക, പുനര്‍നിര്‍മ്മാണത്തിന് അന്താരാഷ്ട്ര സഹായം ഉറപ്പാക്കുക – എന്നിങ്ങനെയുള്ള പ്രായോഗികമായ സമാധാന പദ്ധതി അവരുണ്ടാക്കിയിരുന്നു.
എന്നാല്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആ വഴി നിരസിക്കുകയായിരുന്നു. താന്‍ മുന്നോട്ട് പോകുന്നത് ‘പൂര്‍ണ്ണ വിജയം’ നേടാനാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പക്ഷേ, ആ ‘വിജയം’ എവിടെയാണ്, എപ്പോള്‍ വരും, അതിന്റെ രൂപം എന്താണ് എന്നതെല്ലാം അവ്യക്തമായതായിരുന്നു – ഇന്നും അതേ അവസ്ഥ തന്നെയാണ്.
നെതന്യാഹുവിന്റെ രാഷ്ട്രീയ അദ്ധീനതയുള്ള അള്‍ട്രാറൈറ്റ് കൂട്ടുകാര്‍ക്കും, യുദ്ധം നീണ്ടുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ അധികാരവും തുടരുന്നു. യുദ്ധം അവസാനിപ്പിക്കാനുളള രാഷ്ട്രീയ ഇച്ഛാശക്തി ഇസ്രായേല്‍ കാണിക്കുന്നില്ല.
ഇപ്പോളാണെങ്കില്‍ മുന്നത്തേക്കാള്‍ ശക്തിയായി ലോകരാഷ്ട്രങ്ങള്‍ പ്രതികരിച്ചുതുടങ്ങിയിരിക്കുന്നു. യുഎഇ, ഫ്രാന്‍സ്, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇസ്രയേലിന്റെ നിലപാടിനെ തുറന്നെതിര്‍ക്കുന്നു. മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട് പോലും ഈ യുദ്ധം ‘ഉദ്ദേശമില്ലാത്തതും ദൗര്‍ഭാഗ്യകരവുമാണ്’ എന്ന് വിലയിരുത്തുന്നു. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വരെ ഇപ്പോള്‍ നെതന്യാഹുവിന്റെ നീക്കങ്ങളില്‍ നിരാശ പ്രകടിപ്പിക്കുന്നു. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്നുള്ള വാര്‍ത്തകളെ ട്രംപ് ഞെട്ടലോടെയാണ് പ്രതികരിച്ചത്.
സമാധാനത്തിന്റെ വഴി
ഇസ്രയേല്‍ സൈന്യം യുദ്ധത്തിനു ശേഷമുള്ള ഗാസ ഭരണമോഡലുകള്‍ പണിയുകയാണ്. അവര്‍ക്ക് തന്ത്രങ്ങള്‍ ഉണ്ട്, പുനര്‍നിര്‍മ്മാണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. പക്ഷേ, ആ പദ്ധതികള്‍ക്ക് ജീവന്‍ ലഭിക്കാന്‍ രാഷ്ട്രീയ തീരുമാനം വേണം അതിപ്പോള്‍ ഇല്ലതാനും. മഹാഭാരതത്തില്‍ ഭഗ്‌വാന്‍ കൃഷ്ണന്‍ പറഞ്ഞത് ഓര്‍ക്കാം:
‘സമാധാനം കാംക്ഷിച്ചുളള യുദ്ധം ധാര്‍മ്മികമായിരിക്കാം, പക്ഷേ സമാധാനത്തിന്റെ സാധ്യത ഉണ്ടായിരിക്കേ അതിന് മുതിരാതിരിക്കുക അത്യന്തം അധാര്‍മ്മികമാണ്.’ ഗാസയിലെ ജനങ്ങള്‍ ഇന്ന് കഷ്ടപ്പെടുകയാണ്. കുട്ടികള്‍ പട്ടിണിയിലാണ്, സ്ത്രീകള്‍ അഭയം തേടുകയാണ്, പുതിയ തലമുറയുടെ ഭാവി അനിശ്ചിതമാണ്. സമാധാനത്തിലേക്കുള്ള വഴി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിലേക്കുള്ള കാല്‍വെപ്പിനാണ് ഇന്ന് ലോകം കാത്തിരിക്കുന്നത്.
