മക്ക: ഹജ്ജിന്റെ മുഴുവൻ കർമ്മങ്ങളും അവസാനിച്ചതോടെ വ്യാഴാഴ്ച മുതൽ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. മിനായിൽ നിന്ന് ഇന്ത്യൻ ഹാജിമാർ ഇന്നലെ താമസസ്ഥലത്തേക്ക് തിരിച്ചെത്തി. മലയാളി ഹാജിമാർ എട്ട് ദിനങ്ങളിലെ മദീന സന്ദർശനം പൂർത്തിയാക്കിയാകും മടങ്ങുക.
ആറുദിവസം നീണ്ട ഹജ്ജ് കർമ്മങ്ങൾക്കാണ് ഇന്നലെ സമാപനമായത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം ഹാജിമാർ ഇന്നലെ തന്നെ മടങ്ങിയിരുന്നു. എന്നാൽ മലയാളി തീർഥാടകർ ഇന്നാണ് തിരിച്ചെത്തിയത്. ഹജ്ജ് ദിനങ്ങൾക്കായി ഒരുക്കിയ സൗകര്യങ്ങൾ ഇത്തവണ ഏറെ മികച്ചതായിരുന്നു. മിനയിൽ നിന്ന് വിട പറയുമ്പോൾ തൃപ്തിയോടെയാണ് ഓരോ ഹാജിയും മടങ്ങുന്നത്.
ഇനി മടക്കയാത്രയുടെ നാളുകളാണ്. കഅ്ബയിലേക്കുള്ള യാത്ര പറഞ്ഞുള്ള ത്വവാഫ് മാത്രമാണ് ഇനി ബാക്കി. ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര വ്യാഴാഴ്ച ആരംഭിക്കും. മദീന സന്ദർശനത്തിനും അതേ ദിവസം തന്നെ ആദ്യ സംഘം ഹാജിമാർ പുറപ്പെടും. മദീനയിൽ എട്ട് ദിവസം സന്ദർശനം നടത്തിയാകും ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം.
