തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ ആരോഗ്യ വകുപ്പിന്‍റെ നടപടികളേയും മന്ത്രി വീണാ ജോര്‍ജിനെയും നിയമസഭയില്‍ അതിരൂക്ഷമായി വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് മന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് പത്താം ദിവസം, നിര്‍ബന്ധമായി മാസ്ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രിയാണ്. തീപിടിച്ചു മൂന്നാം ദിവസം മന്ത്രി പറഞ്ഞു ആരോഗ്യപ്രശ്നമില്ലെന്ന്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞത്? ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥലമായിരുന്നു. എവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യപ്രശ്നമില്ലെന്നു മന്ത്രി പറഞ്ഞതെന്നും വി.ഡി.സതീശന്‍ ചോദിച്ചു.
മനുഷ്യനിര്‍മിത വിഷപ്പുക കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഏതെങ്കിലും വിദഗ്ധ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിച്ചില്ല. വിഷപ്പുക എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയത്.
ഗുരുതരമായ പ്രശ്നമായിട്ടും സര്‍ക്കാര്‍ ഈ ദുരന്തത്തെ ലഘുവായി കണ്ടു. എറണാകുളത്ത് രണ്ട് ഓക്സിജന്‍ പാര്‍ലര്‍ തുടങ്ങിയാല്‍ സര്‍ക്കാരിന്‍റെ ജോലി തീരില്ല. മാലിന്യം കത്തിക്കോട്ടെയെന്നാണ് സര്‍ക്കാര്‍ ചിന്തിച്ചത്. മുഴുവന്‍ കത്തിത്തീര്‍ന്നാലേ കരാറുകാരനെ സഹായിക്കാന്‍ കഴിയൂവെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തന്നെ പ്രതിപക്ഷനേതാവ് വ്യക്തിപരമായി അധിക്ഷേപിച്ചെന്നും മാപ്പു പറയണമെന്നും മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ പോയി മാസ്ക് ധരിക്കണമെന്നു പറഞ്ഞിട്ടില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ എംഎല്‍എമാര്‍ ഓക്സിജന്‍ പാര്‍ലറിനടക്കം ശിപാര്‍ശ നല്‍കിയില്ല. പ്രതിപക്ഷനേതാവ് മന്ത്രിതല യോഗത്തില്‍ പങ്കെടുത്തില്ല. എന്തു നുണയും പറയാനുള്ള സ്ഥാനമല്ല പ്രതിപക്ഷ നേതാവിന്‍റേതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
