ഹ്യുണ്ടായി പ്ലാന്റില്‍ അമേരിക്കന്‍ കുടിയേറ്റ വകുപ്പ് റെയ്ഡ്; നൂറുകണക്കിന് തൊഴിലാളികള്‍ പിടിയിലായി

ജോര്‍ജിയയിലെ ബ്രയാന്‍ കൗണ്ടിയിലെ ഹ്യുണ്ടായി വാഹന നിര്‍മ്മാണ യൂണിറ്റില്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (DHS) സെപ്റ്റംബര്‍ 5-ന് വലിയ റെയ്ഡ് നടത്തി. കുടിയേറ്റ നിയമലംഘനത്തിനെതിരെയുളള ഈ പരിശോധനയില്‍ ഏകദേശം 475 പേരെ കസ്റ്റഡിയിലെടുത്തതായി ഫെഡറല്‍ അധികൃതര്‍ അറിയിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ വര്‍ക്ക്‌സൈറ്റ് റെയ്ഡായി അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചു. മാസങ്ങളോളം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

ഹ്യുണ്ടായി കമ്പനി, പിടിയിലായവര്‍ നേരിട്ട് കമ്പനിയുടെ സ്ഥിരം ജീവനക്കാരല്ലെന്നും, ചിലര്‍ സബ്‌കോണ്‍ട്രാക്ടര്‍മാര്‍ വഴിയാണ് ജോലി ചെയ്തിരുന്നതെന്നും അറിയിച്ചു. കമ്പനി യുഎസ് നിയമങ്ങള്‍ പാലിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റെയ്ഡിന് പിന്നാലെ ദക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രി യുഎസിനോട് വിശദീകരണം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. ട്രംപ് ഭരണകൂടം ഫെഡറല്‍ കുടിയേറ്റനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന ഉറച്ച നിലപാട് വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ റെയ്ഡിനെ ”ഭീതിപെടുത്തല്‍ രാഷ്ട്രീയത്തിന്റെ ഭാഗം” എന്ന് വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *