ഡല്‍ഹിയില്‍ വായുമലിനീകരണം മൂലം ആരോഗ്യപ്രശ്‌നം അനുഭവപ്പെടുന്നതായി സര്‍വ്വെ

ന്യൂഡല്‍ഹി: ദില്ലി-എന്‍സിആര്‍ പ്രദേശങ്ങളിലെ മൂന്നിലൊന്നു വീടുകളിലും വായു മലിനീകരണത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി സര്‍വ്വെ. ഓണ്‍ലൈന്‍ സമൂഹമായ ലോക്കല്‍ സര്‍കിള്‍സ് സംഘടിപ്പിച്ച പഠനത്തില്‍ പങ്കെടുത്ത വീടുകളില്‍ 75 ശതമാനം പേരും മലിനമായ വായു മൂലം തൊണ്ടവേദന, കണ്ണുകത്തല്‍, ചുമ, തലവേദന, ഉറക്കം തെറ്റല്‍, ശ്വാസതടസ്സം എന്നിവയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് കണ്ടെത്തി.

റിപ്പോര്‍ട്ട് പ്രകാരം, 42 ശതമാനം വീടുകളില്‍ ഒരാള്‍ക്കെങ്കിലും ചുമയോ തൊണ്ടവേദനയോ അനുഭവപ്പെടുന്നുവെന്ന് കണ്ടെത്തിയപ്പോള്‍, 25 ശതമാനം പേരില്‍ കണ്ണുകത്തല്‍, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളും 17 ശതമാനം പേരില്‍ ശ്വാസകോശ സംബന്ധമായ പ്രയാസങ്ങളും രേഖപ്പെടുത്തി.

സര്‍വേയില്‍ പങ്കെടുത്തവരില്‍ പലരും വീടിനുള്ളില്‍ വായു ശുദ്ധീകരണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായും പുറത്ത് ചെലവിടുന്ന സമയം പരിമിതപ്പെടുത്തുന്നതായും പറഞ്ഞു. എന്നാല്‍, വായു മലിനീകരണത്തിനെതിരെ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന വീടുകളുടെ എണ്ണം കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു.

ദില്ലി-എന്‍സിആര്‍ മേഖലയില്‍ വായുവിലെ PM2.5 അളവ് സുരക്ഷിത പരിധിയെ പലമടങ്ങ് മിക്ക ദിവസങ്ങളിലും മറികടക്കുന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യമേഖല വിദഗ്ധര്‍ ഉടന്‍തന്നെ കടുത്ത നിയന്ത്രണ നടപടികള്‍ ആവശ്യമാണ് എന്ന് മുന്നറിയിപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *