കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ നിയമസഭയില്‍ പ്രമേയം; മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.

കേന്ദ്ര ബജറ്റില്‍ തുടര്‍ച്ചയായി കേരളത്തെ അവഗണിക്കുന്നതായി പ്രമേയത്തില്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ ആവശ്യം വികസനമാണ്. അത് പരിഗണിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ചട്ടം 118 പ്രകാരമാണ് ഔദ്യോഗിക പ്രമേയം കൊണ്ടുവന്നത്. കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ബജറ്റില്‍ ചില്ലറ ആശ്വാസമെങ്കിലും കേരളത്തിന് നല്‍കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ബജറ്റ് എല്ലാവരെയും നിരാശപ്പെടുത്തി. കേരളത്തെ കുറിച്ചുള്ള കാര്യമായ പരാമര്‍ശം തന്നെ ബജറ്റില്‍ ഇല്ല. ഇക്കണോമിക് സര്‍വേയില്‍ കേരളത്തെ പലതവണ നേട്ടങ്ങളുടെ പേരില്‍ പരാമര്‍ശിച്ചിരുന്നു. പക്ഷേ, ബജറ്റില്‍ കേരളത്തിന്റെ പേര് വന്നില്ല. കോഴിക്കോട് എയിംസ് സ്ഥാപിക്കാവുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നേതാക്കളെ കാണുമ്പോള്‍ ഉടന്‍ അനുവദിച്ചു കിട്ടുമെന്ന നിലയിലായിരുന്നു പ്രതികരണം. പക്ഷെ, എല്ലാവര്‍ഷവും നിരാശയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ശബരമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ ചർച്ചകളാൽ ഇന്നും നിയമസഭയെ പ്രക്ഷുബ്ധമായി.

സ്വർണ്ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയപ്പോൾ, മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഭരണപക്ഷത്തിന് വേണ്ടി തിരിച്ചടിച്ചു.

പ്ലക്കാർഡും ബാനറും ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. പി.കെ. ബഷീറിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷങ്ങൾ സ്പീക്കറുടെ സീറ്റിന് തൊട്ടരികെ വരെ എത്തി.

സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും സി.പി.എം എം.എൽ.എ കടകംപള്ളി സുരേന്ദ്രനും സംസാരിക്കുന്ന ചിത്രം പതിച്ച പ്ലക്കാർഡും സ്വർണം കട്ടവൻ ആരപ്പാ… സഖാക്കളാണേ അയപ്പാ… എന്ന മുദ്രാവാക്യം എഴുതിയ ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങൾ ഇന്ന് നിയമസഭയിൽ എത്തിയത്.

സഭയിലെ സംഘർഷങ്ങൾ ‘കോപ്രായമാണെന്ന’ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സതീശൻ തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദ്ദിച്ചെന്ന ആരോപണം സതീശൻ നിഷേധിച്ചു.

ചോദ്യോത്തരത്തിനായി മൈക്ക് കിട്ടുമ്പോൾ മന്ത്രിമാർ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആക്ഷേപിക്കുകയാണ്. ആക്ഷേപമെല്ലാം സഭാ രേഖകളിൽ കിടക്കുകയാണ്. പ്രിയപ്പെട്ട നേതാവായ സോണിയ ഗാന്ധിയെയും കേരളത്തിൽ നിന്നുള്ള എം.പിയായ പ്രിയങ്ക ഗാന്ധിയെയും മൈക്ക് കിട്ടുമ്പോൾ മന്ത്രിമാർ അധിക്ഷേപിക്കുകയാണ്. തന്നെ വ്യക്തിപരമായി മന്ത്രിമാർ തേജോവധം ചെയ്യുകയാണ്. ഈ പരിപാടിയുമായി പ്രതിപക്ഷത്തിന് യോജിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷം പൂർണമായി നിസ്സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ വ്യക്തമാക്കി.

സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഡയസിൽ കയറി ഹൈജംപ് നടത്തുന്ന പ്രതിപക്ഷത്തിന് ആ കായിക ഇനത്തിൽ നല്ല ഭാവി ഉണ്ടെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *