ന്യൂഡൽഹി:
സിവിൽ വ്യോമയാന മേഖലയിലെ ഗുരുതര സ്റ്റാഫ് ക്ഷാമം സംബന്ധിച്ച് ഇ.ടി മുഹമ്മദ് ബഷീർ എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ ഈ മേഖലയിലെ ഒഴിവുകൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ 787 ഒഴിവുകൾ നിലവിലുണ്ടെന്നും, 2022–24 കാലയളവിൽ നടത്തിയ പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിച്ച 441 പുതിയ തസ്തികകളാണ് ഇതിന് പ്രധാന കാരണമെന്നുമാണ് മന്ത്രാലയം മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ തസ്തികകളിലേക്കുള്ള നിയമന നടപടികൾ ഇപ്പോൾ വിവിധ ഘട്ടങ്ങളിലാണെന്നും സർക്കാർ അറിയിച്ചു.
അതേസമയം, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (AAI) ഡയറക്ട് റിക്രൂട്ട്‌മെന്റ് (എക്സിക്യൂട്ടീവ്) വിഭാഗത്തിൽ 1,667 ഒഴിവുകൾ നിലവിലുണ്ടെന്നും മറുപടിയിൽ പറയുന്നു. പ്രവർത്തനപരമായി അതീവ പ്രധാന്യമുള്ള വിമാനത്താവളങ്ങളിൽ ജീവനക്കാരെ പുനർവിന്യസിച്ചിട്ടുണ്ടെന്നും, വ്യോമപാത വികസനത്തിന് അനുസരിച്ച് അധിക എയർ ട്രാഫിക് കൺട്രോൾ (ATC) തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെടുന്നു.
കൂടാതെ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS)യിൽ 180 ഒഴിവുകളും, എയർപോർട്സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (AERA)യിൽ 11 ഒഴിവുകളും നിലനിലക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായതിനാൽ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം ഒഴിവുകൾ നികത്തുന്ന നടപടികൾ തുടരുകയാണെന്നും മറുപടിയിൽ പറയുന്നു.
രാജ്യത്ത് വിമാനത്താവളങ്ങളുടെ എണ്ണം വർധിക്കുകയും സ്വകാര്യവത്കരണം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇത്തരം വൻതോതിലുള്ള ഒഴിവുകൾ വിമാനസുരക്ഷയ്ക്കും സേവനനിലവാരത്തിനും ഗുരുതര വെല്ലുവിളിയാകുമെന്നു ഇ. ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. അടിയന്തരമായി സ്ഥിര നിയമനങ്ങൾ നടത്തി ജീവനക്കാരുടെ കുറവ് പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
