മണിയൻപിള്ള രാജുവിൻ്റെ കാറും രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത് നടന്റെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട് തിരിയുന്നതായും അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ട്രിവാൻഡ്രം ക്ലബിൽനിന്നു പുറത്തേക്കു വരാൻ ഇൻഡിക്കേറ്റർ ഇട്ട് രാജു കാർ നിർത്തിയിരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് രാജു കാർ റോഡിലേക്ക് ഇറക്കിയത്. കാർ വരുന്നത് കണ്ട് ഒരു സ്‌കൂട്ടർ യാത്രികൻ നിർത്തുന്നതും ദൃശ്യത്തിൽ കാണാം. കാർ റോഡിൻ്റെ മുക്കാൽ ഭാഗത്തോളം വരുന്നഘട്ടത്തിലാണു വേഗത്തിലെത്തിയ ബൈക്ക് കാറിൻ്റെ മുൻവശത്ത് ഇടിക്കുന്നത്. കാറിൽ ഇടിച്ചു ബൈക്ക് മറിഞ്ഞ് യുവാക്കൾ എതിർഭാഗത്തുള്ള റോഡിലേക്കാണു തെറിച്ചു വീണത്. എന്നാൽ തങ്ങളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയെന്നാണ് യുവാക്കളുടെ മൊഴി. അപകടത്തിൽ യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.
