ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും

പ്രമുഖ ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ.സുബൈര്‍ മേടമ്മല്‍ രചിച്ച പുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ഖാസിം നിര്‍വ്വഹിക്കും. യുനസ്‌കോയും ഷാര്‍ജ സര്‍ക്കാരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘എത്‌നോമെഡിസിനല്‍ പ്ലാന്റസ് ഓഫ് ഇന്ത്യ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. ഇന്ന് വൈകീട്ട് ഷാര്‍ജ ബെയ്ത് അല്‍ നബൂദയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുസ്തകത്തില്‍ ഷെയ്ക്ക് സുല്‍ത്താന്‍ ഖാസിം ഒപ്പുവെക്കുകയും ചെയ്യും.
നാട്ടുചികില്‍സയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കണ്ടുവരുന്ന ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പുസ്തകം ഏറെ അപൂര്‍വ്വതകളുള്ളതാണ്. രാജ്യത്ത് കണ്ടുവരുന്ന നൂറിലേറെ ഔഷധങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ പഠനമാണ് ഡോ.സുബൈര്‍ മേടമ്മല്‍ നടത്തിയിട്ടുള്ളത്. ഇത്തരം സസ്യങ്ങളുടെ ഔഷധഗുണം, ചികില്‍സാ രംഗത്തെ പ്രാധാന്യം, പാരിസ്ഥിതികമായ പ്രസക്തി തുടങ്ങി ഒട്ടേറെ മേഖലകളെ കുറിച്ച് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു. സാധാരണക്കാര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ സഹായകമാകുന്ന രീതിയിലാണ് പുസ്തകം രചിച്ചിട്ടുള്ളത്.
അറബികളുടെ സംസ്‌കാരത്തിന്റെ പ്രതീകമായ ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ചുള്ള ഗവേഷണത്തിലൂടെ ശ്രദ്ധേയനായ ഡോ.സുബൈര്‍ മേടമ്മല്‍, ഫാല്‍ക്കണ്‍ ഗവേഷണത്തില്‍ ഡോക്‌റേറ്റ് നേടിയ ആദ്യ ഏഷ്യക്കാരനും ഏക ഇന്ത്യക്കാരനുമാണ്. യു.എ.ഇ,സൗദി അറേബ്യ,ഖത്തര്‍,കുവൈറ്റ്,ബഹ്‌റൈന്‍,ഒമാന്‍. ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ആറ് വര്‍ഷം നീണ്ട തുടര്‍ച്ചയായ ഗവേഷണമാണ് അദ്ദേഹം ഫാല്‍ക്കണുകളെ കുറിച്ച് നടത്തിയത്.
കാലിക്കറ്റ് സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം പ്രൊഫസറായ ഡോ.സുബൈര്‍, സര്‍വകലാശാല ആസ്ഥാനമായ അന്തര്‍ദേശീയ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ കോഡിനേറ്ററുമാണ്. ജര്‍മനിയിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഫാല്‍ക്കണ്‍ ആശുപത്രികളിലും ഫാല്‍ക്കണ്‍ പ്രജനന കേന്ദ്രങ്ങളിലും അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കിയിരുന്നു. ആറ് ഭൂഖണ്ഡങ്ങളിലായി നാല്‍തോളം രാജ്യങ്ങളില്‍ അന്തര്‍ദേശീയ പ്രബന്ധങ്ങളും ക്ലാസുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഒട്ടനവധി പുരസ്‌കാരങ്ങളും ഡോ.സുബൈര്‍ മേടമ്മലിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *