തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് പലയിടങ്ങളിലും അതിതീവ്ര മഴ. വരും മണിക്കൂറുകളില്‍ മഴയുടെ തീവ്രത വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍,പാലക്കാട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ആലുവ എടത്തലയില്‍ ശക്തമായി വീശിയ കാറ്റില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കുഞ്ചിത്തണ്ണിയില്‍ പാലത്തിനടിയില്‍ കുടുങ്ങിയ വൃദ്ധനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. രാത്രി പാലത്തിന്‍റെ ഭിത്തിയില്‍ കിടന്നുറങ്ങിയ ബൈസണ്‍വാലി സ്വദേശി ബേബിച്ചന്‍ പുഴയില്‍ വെള്ളം കൂടിയതോടെ കുടുങ്ങിപോവുകയായിരുന്നു.
മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രാത്രി യാത്ര പരമാവധി ഒഴിവാക്കണം. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരില്‍, മലയോര മേഖലകളില്‍ രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു. മണ്ണാര്‍ക്കാട് ഉള്‍പ്പെടെ മലയോര മേഖലകളില്‍ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാന്‍ ഇന്നലെത്തന്നെ നിര്‍ദേശം നല്‍കിയിരുന്നു. അട്ടപ്പാടിയിലെ ഭവാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടില്‍ അകപ്പെട്ട് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
