52 എഎപി വനിതാ അംഗങ്ങളെ പാര്‍ട്ടി നേതാക്കള്‍ ലൈംഗികമായി ഉപയോഗിച്ചെന്ന് മുന്‍ വനിതാ നേതാവ്

ചണ്ഡിഗഡ്: ആം ആദ്മി പാര്‍ട്ടിക്കുനേരെ ലൈംഗിക ആരോപണവുമായി പാര്‍ട്ടിയുടെ മുന്‍ വനിതാ നേതാവ് രംഗത്ത്. പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റിലുള്ള 52 വനിതകളെ നേതാക്കള്‍ ലൈംഗികമായി ദുരുപയോഗിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എഎപി പഞ്ചാബ് സംസ്ഥാന കമ്മിറ്റി മുന്‍ അംഗവും ഫെറോസ്പുര്‍ യൂണിറ്റ് കണ്‍വീനറുമായിരുന്ന അമന്‍ദീപ് കൗര്‍ ആണ് അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

ഡല്‍ഹി കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ് എഎപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് നേതാക്കളില്‍നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടിവന്നു. പാര്‍ട്ടിക്കുള്ളില്‍പോലും സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. 52 സ്ത്രീകളാണ് ലൈംഗിക ദുരുപയോഗത്തിനു വിധേയരായത്. അതില്‍ ഒരാള്‍ ജീവനൊടുക്കി. ശേഷിക്കുന്ന 51പേരുടെ പട്ടിക വൈകാതെ പുറത്തുവിടുമെന്നും അമന്‍ദീപ് കൗര്‍ പറഞ്ഞു.

എഎപി മുന്‍ മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണത്തിനു പിന്നാലെയാണ് അമര്‍ദീപ് കൗര്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. അടുത്ത വര്‍ഷം പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കാനുള്ള എഎപിയുടെ ശ്രമത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *