വരുമാനമുണ്ടെങ്കിലും കയ്യില്‍ പണമൊന്നും ബാക്കിയാകാത്തവരാണ് ഏറെയും. ബാങ്ക് പാസ് ബുക്കുകളിലൂടെ വന്ന് പോയ പണത്തിന്റെ കണക്ക് നോക്കിയാല്‍ എല്ലാവരും അന്ധാളിക്കും. വരുമാനമുണ്ടായിട്ടും അത് സമ്പാദ്യമായി മാറാത്തതെന്തു കൊണ്ടാണ്?. സാമ്പത്തിക പ്ലാനിംഗില്‍ പിഴവ് സംഭവിക്കുന്നത് എവിടെയാണ്.? കാശ് കയ്യില്‍ നില്‍ക്കാനും ഭാവിയിലേക്ക് സമ്പാദ്യമായി മാറ്റാനും ഇതാ ചില ടിപ്പുകള്‍.
ആദ്യം വരുമാനം
ചെലവുകള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്. വരുമാനമൊന്നുമില്ലെങ്കിലും ചെലവുകള്‍ക്ക് കുറവുണ്ടാവില്ല. അതു കൊണ്ടു തന്നെ വരുമാനമുണ്ടാക്കുന്നതിനെ കുറിച്ചായിരിക്കണം ആദ്യത്തെ ചിന്ത. ജീവിതത്തിലെ സമയവും ഊര്‍ജവും ഏറ്റവുമധികം ഉപയോഗപ്പെടുത്തേണ്ടി വരുന്നത് വരുമാനമുണ്ടാക്കാനാണ്. സ്ഥിരം ജോലി ആകട്ടെ, താല്‍ക്കാലിക ജോലിയാകട്ടെ, വരുമാനത്തിനായി ജോലി ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്വന്തം ബിസിനസാണെങ്കിലും അതൊരു ജോലിയാണ്. വെറുതെ മടി പിടിച്ചിരുന്നാലൊന്നും എവിടെ നിന്നും വരുമാനം വരില്ല. സ്ഥിരമായ വരുമാനമുണ്ടെന്ന് ഉറപ്പാക്കലാണ് പ്രധാനം.
പിന്നെ ചെലവുകള്‍
വരുമാനം ലഭിക്കുന്നതിനുസരിച്ച് ചെലവുകളെ ക്രമീകരിക്കുകയാണ് പിന്നെ ചെയ്യേണ്ടത്. വരുമാനത്തിനനുസരിച്ചാകണം ചെലവുകള്‍, മറിച്ചല്ല. ചെലവുകള്‍ എപ്പോഴും അനന്തമാണ്. ഭക്ഷണം, വസ്ത്രം പോലുള്ള അത്യാവശ്യ ചെലവുകള്‍ കഴിഞ്ഞാല്‍ മറ്റുള്ള ചെലവുകളെ ഒരു പരിധിവരെ പരിമിതപ്പെടുത്തുവാനോ നീട്ടിവെക്കുവാനോ നമുക്ക് കഴിയും. ഉദാഹരണത്തിന്,. മൊബൈല്‍ ഫോണിലെ ഡാറ്റ റീചാര്‍ജ് ഇന്ന് എല്ലാവരുടെയും അത്യാവശ്യ ചെലവായി മാറിയിരിക്കുന്നു. ഇത് ദിവസേന ഒരു ജിബി വേണോ രണ്ട് ജിബി വേണോ എന്ന് നമുക്ക് തീരുമാനിക്കാം. അധിക ചെലവുകളിലെ നിയന്ത്രണം പല മേഖലകളിലും നടപ്പാക്കാനാകുമെന്ന് സാരം.
പണം മാറ്റിവെക്കല്‍
നീട്ടികൊണ്ടു പോകുന്തോറും നടക്കാത്ത ഒന്നാണ് സമ്പാദ്യം. ചെലവുകള്‍ തന്നെ കാരണം. അതു കൊണ്ട് സമ്പാദ്യം തുടങ്ങേണ്ടത് ഇന്നാണ്. വരുമാനത്തില്‍ നിന്ന് ചെറിയൊരു തുക ആദ്യ തന്നെ മാറ്റിവക്കാനാകണം. ദിവസവരുമാനക്കാര്‍ക്ക് ഓരോ ദിവസവും മാസവരുമാനക്കാര്‍ക്ക് മാസത്തില്‍ ആദ്യവും ഇത് ചെയ്യാം. ദിവസേന 100 രൂപ മാറ്റിവെക്കുന്നത് പോലും പിന്നീട് നിങ്ങള്‍ക്ക് സഹായമാകും. പ്രാദേശിക കുറികള്‍, റെക്കറിംഗ് ഡെപോസിറ്റുകള്‍ മ്യൂച്വല്‍ഫണ്ട് എസ്.ഐ.പികള്‍ എന്നിവ വഴി ഈ നിക്ഷേപങ്ങള്‍ നടത്താം.
ഇന്‍ഷുറന്‍സ്
അപ്രതീക്ഷിത ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ള ഇന്‍ഷുറന്‍സുകള്‍ സഹായിക്കും. പ്രതിവര്‍ഷം 1000 രൂപ നല്‍കിയാല്‍ 30000 രൂപ വരെ ചികില്‍സാ ചെലവ് ലഭിക്കുന്ന പോളിസികള്‍ ഇന്ന് മാര്‍ക്കറ്റില്‍ ഉണ്ട്. ഇത് സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. വരുമാനം കൂടുതലുള്ളവര്‍ക്ക് പ്രീമിയം തുക വര്‍ധിപ്പിച്ച് അധിക ക്ലെയിമും നേടാം.
