ശ്രീനിയുടെ ‘അടി’ കൊണ്ടവര്‍ ആരൊക്കെ?

നടന്‍ ശ്രീനിവാസന്റെ വിയോഗം മലയാളിയുടെ ജീവിതത്തില്‍ വലിയൊരു വിടവ് സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. അനുകരിക്കാന്‍ കഴിയാത്ത പ്രതിഭയെയാണ് അദ്ദേഹം മലയാള സിനിമയില്‍ അടയാളപ്പെടുത്തിയത്. ആ തമാശകള്‍ ആവര്‍ത്തിച്ച് കാണുകയെന്നതായിരുക്കും മലയാളിക്ക് മുന്നിലുള്ള ഏക ആശ്വാസം. ഹാസ്യത്തെ സാമൂഹ്യവിമര്‍ശനത്തിന് ഉപയോഗിക്കുകയും സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ പ്രതിനിധീകരിക്കുകയും ചെയ്തവയാണ് ശ്രീനിവാസന്‍ സിനിമകള്‍. അത് ബാക്കിവെച്ച സന്ദേശങ്ങള്‍ മരിക്കാത്തതാണ്. സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്ന് കാണിച്ചാണ് ശ്രിനിവാസന്‍ കടന്നു പോയത്. രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിനിമാ താരങ്ങള്‍ എന്നു വേണ്ട സമസ്ത മേഖലകളിലെയും മൂല്യച്യുതിയെ അദ്ദേഹം തുറന്നു കാട്ടി.

രാഷ്ട്രീയക്കാര്‍ക്ക് കിട്ടിയത്

സന്ദേശം എന്ന ഒറ്റ സിനിമ മതി, കേരളത്തിലെ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ മുഖം കാണാന്‍. പരസ്പരം പോരടിക്കുകയും അധികാരത്തിന്റെ ഗര്‍വ് കാണിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ കാരികേച്ചറുകള്‍ ആ സിനിമകളില്‍ കാണാം. സന്ദേശത്തിന് പിന്നാലെ അറബിക്കഥ എന്ന സിനിമയില്‍ വേഷമിട്ട ശ്രീനിവാസന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്നെത്തി നില്‍ക്കുന്ന മൂല്യച്യുതിയാണ് വരച്ചു കാട്ടിയത്. രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ ആ കലാസൃഷ്ടികള്‍ ഉണ്ടാക്കിയ അസ്വസ്ഥത ചെറുതല്ല.

സംരംഭകരുടെ ദുരിതങ്ങള്‍
ജീവിതവൃത്തിക്ക് വേണ്ടി പുതിയ സംരംഭം തുടങ്ങാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് കേരളത്തില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ നേര്‍കാഴ്ചകളാണ് വലവേല്‍പ്പ്, മിഥുനം തുടങ്ങിയ ചിത്രങ്ങള്‍. ബിസിനസ് തുടങ്ങി വല്ല വിധേനയും രക്ഷപ്പെടാമെന്ന് കരുതുന്ന ജനങ്ങള്‍ ചുവപ്പ് നാടയിലും രാഷ്ട്രീയ ഇടപെടലുകളിലും ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തിലും നിരാശരായി മടങ്ങേണ്ടി വരുന്ന സാമൂഹിക ചിത്രം അവിടെയുണ്ട്. തൊഴിലില്ലായ്്മയുടെ രൂക്ഷതയും അനുഭവപ്പെടുത്തുന്ന ചിത്രങ്ങളാണ് ശ്രീനിവാസന്‍ കാഴ്ചവെച്ചത്.

നാടോടിക്കാറ്റും പട്ടണപ്രവേശവും

1980കളിലെ കേരള സമൂഹത്തിന്റെ തൊഴില്‍ അവസ്ഥകള്‍ എന്തെല്ലാമാണെന്ന് വരച്ചു കാട്ടിയ ചിത്രങ്ങളായിരുന്നു നാടോടിക്കാറ്റും പട്ടണപ്രവേശവും. മോഹന്‍ലാലിനൊപ്പം ശ്രീനിവാസന്‍ തകര്‍ത്ത് അഭിനയിച്ച ഈ ചിത്രങ്ങള്‍ എക്കാലത്തും മലയാളികളുടെ മനസിലെ ഹിറ്റുകളാണ്. ഗള്‍ഫ് മോഹവുമായി നടക്കുന്ന മലയാളികള്‍ വഞ്ചിക്കപ്പെടുന്നത് സ്ഥിരം സംഭവമായിരുന്ന കാലത്താണ് ആ സിനിമകള്‍ വരുന്നത്. ജീവിക്കാന്‍ വേണ്ടി എന്ത് ജോലിക്കും തയ്യാറായിരുന്ന വിദ്യാസമ്പന്നരായി മലയാളികളെ ആ ചിത്രങ്ങളില്‍ വായിച്ചെടുക്കാം. മലയാളിയുടെ ജീവിതത്തെ അടുത്തറിഞ്ഞാണ് ശ്രിനിവാസന്‍ സിനിമകള്‍ക്ക് തിരക്കഥയെഴുതിയത്. ആ നിരിക്ഷണ പാടവം അത്രമേല്‍ കൃത്യമായിരുന്നു. പ്രേക്ഷകര്‍ക്കെല്ലാം തന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയെന്ന തോന്നല്‍ ഉള്ളില്‍ വളര്‍ത്താന്‍ ഓരോ ശ്രീനിവാസന്‍ സിനിമകള്‍ക്കും കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *