ശമ്പളം മുടങ്ങിയപ്പോള്‍ പൈലറ്റ് ഒപ്പിച്ച പണി കേള്‍ക്കണോ?

ശമ്പളം മുടങ്ങിയപ്പോള്‍ പെലറ്റ് വിമാനം പറത്താതെ വിമാന കമ്പനിയെയും യാത്രക്കാരെയും ത്രിശങ്കുവിലാക്കി. കനേഡിയന്‍ ഡൊമസ്റ്റിക് എയര്‍ലൈനായ മാഗ്നി ചാര്‍ട്ടേഴ്‌സ് ആണ് വിമാനത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
യാത്ര പുറപ്പെടാന്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. യാത്രക്കാരെല്ലാം സീറ്റുകളില്‍ ഇരുന്നിരുന്നു. കോക്പിറ്റില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് പൈലറ്റ് കോക്പിറ്റിന്റെ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടി. തുടര്‍ന്ന് അനൗണ്‍സ്‌മെന്റ് തുടങ്ങി. അഞ്ചു മാസമായി കമ്പനി പൈലറ്റുമാര്‍ക്ക് ശമ്പളം നല്‍കുന്നില്ല. കുടുംബത്തിലെ ചെലവുകള്‍ക്ക് പണമില്ല. ജോലി സമയത്ത് ഉപയോഗിക്കുന്ന ഏവിയേഷന്‍ ചാര്‍ട്ട് പോലും വിമാന കമ്പനി വാങ്ങി തരുന്നില്ല. സ്വന്തം കയ്യിലെ പണം കൊണ്ടാണ് ഇതെല്ലാം വാങ്ങുന്നത്. അഞ്ചു മാസത്തെ ശമ്പളം കിട്ടിയാല്‍ മാത്രമേ ഈ യാത്ര പുറപ്പെടു- പൈലറ്റ് പ്രതിഷേധ സ്വരത്തില്‍ പറഞ്ഞു.
യാത്രക്കാര്‍ പരിഭ്രാന്തരായി. അനിശ്ചിതത്വത്തിലായ വിമാന കമ്പനിക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം കോക്പിറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പൈലറ്റിനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള മാഗ്നി ചാര്‍ട്ടേഴ്‌സിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നത് പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *