അക്കാദമിക മികവിന് മുന്‍തൂക്കം: കലാശാലാ ബജറ്റ് അവതരിപ്പിച്ചു

തിരൂര്‍ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് മുന്‍തൂക്കം നല്‍കുന്ന മലയാളസര്‍വകലാശാലയുടെ 2017-18 വര്‍ഷത്തെ ബജറ്റിന് ക്യാമ്പസില്‍ ചേര്‍ന്ന 15-ാ മത് ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. 1576 ലക്ഷം രൂപ വരവും 1483 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പൊതുസഭ മുമ്പാകെ അവതരിപ്പിച്ചു.

 
നിരന്തരമായ വിലയിരുത്തലുകളിലൂടെ, പരിശീലനങ്ങളിലൂടെ, അക്കാദമിക് കോഴ്‌സുകളുടെയും ഗവേഷണത്തിന്റെയും നിലവാരം ഉയര്‍ത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വൈസ് ചാന്‍സലര്‍ പറഞ്ഞു. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 240 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അക്കാദമിക് മികവ് പരിശോധിക്കുന്നതിനായി ആഭ്യന്തര അക്കാദമിക് മോണിറ്ററിംഗ് സെല്‍ രൂപീകരിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ഇതിനായി മാത്രം 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലൈബ്രറിയുടെ വികസനത്തിനായി 70 ലക്ഷം രൂപയും അക്കാദമിക് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപയും നീക്കി വച്ചു.

 
വിദ്യാര്‍ത്ഥി ക്ഷേമത്തിനായി 60 ലക്ഷവും ഭാഷാടെക്‌നോളജി കേന്ദ്രം അടക്കം നിലവിലുള്ള 10 പ്രത്യേക പ്രോജറ്റുകള്‍ക്കായി 140 ലക്ഷം രൂപയും മലയാളത്തെ ലോകഭാഷകള്‍ക്ക് പരിചയപ്പെടുത്തുന്നതടക്കമുള്ള ഭാഷാസാഹിത്യ വ്യാപനപ്രവര്‍ത്തനങ്ങള്‍ക്ക് 58 ലക്ഷം രൂപയും പ്രസിദ്ധീകരണവിഭാഗത്തിനായി 40 ലക്ഷം രൂപയും വകയിരുത്തുന്നുണ്ട്. കലാശാലയുടെ ഭരണവിഭാഗം ആധുനീകരിക്കുന്നതിനും ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചുള്ള സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്.

 
യു.ജി.സി യുടെ 12-ബി അംഗീകാരവും നാക് അംഗീകാരവും ഈ സാമ്പത്തിക വര്‍ഷം തന്നെ നേടിയെടുക്കുന്നതിന് ഗൗരവപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി ക്യാമ്പസിന്റെ ഭൗതിക സൗകര്യങ്ങള്‍ കുറ്റമറ്റതാക്കാനും അധ്യാപക ശാക്തീകരണത്തിനും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. യു.ജി.സി, നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് മാത്രമായി 15 ലക്ഷം രൂപ ചെലവഴിക്കും. അടുത്ത 15 വര്‍ഷത്തെ  കലാശാലയുടെ വികസനം വിഭാവനം ചെയ്യുന്ന ദര്‍ശനരേഖയും ബജറ്റിനോടനുബന്ധിച്ച് വൈസ് ചാന്‍സലര്‍ അവതരിപ്പിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *