മുഖ്യമന്ത്രിയുടേത് പച്ചയായ വര്‍ഗീയ രാഷ്ട്രീയം: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മതത്തെ കൂട്ടുപിടിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി പച്ചയായ വര്‍ഗീയ രാഷ്ട്രീയമാണ് പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പ് നടത്തുകയാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു കൂട്ടര്‍ക്ക് മതവികാരമുണ്ടായി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. മതവികാരം എപ്പോഴും ഒരു കൂട്ടര്‍ക്ക് മാത്രം ഉണ്ടാകുന്നതാണോ. ശബരിമലയില്‍ ഭക്തരുടെ വികാരത്തിന് മുറിവേറ്റപ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യം പറയുന്നത് കണ്ടില്ല. കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ കൈകൂപ്പിയതിന് വിശദീകരണം ചോദിച്ച പാര്‍ട്ടിയാണ്. ബ്രാഞ്ച് സെക്രട്ടറി മൂകാംബികയില്‍ പോയതിന് നടപടിയെടുത്ത പാര്‍ട്ടിയാണ്. ശബരിമലയില്‍ ഡി.വൈ.എഫ്.ഐക്കാര്‍ പോയതിന് നടപടിയെടുത്ത പാര്‍ട്ടിയാണ്. സി.പി.എം എന്തുകൊണ്ടാണ് ഒരു കൂട്ടരുടെ വികാരം മാത്രം പരിഗണിക്കുന്നത്.

സി.പി.എമ്മിലെ മറ്റ് സമുദായക്കാര്‍ക്ക് മതവികാരമില്ലേ. ഖുര്‍ആനെ രാഷ്ട്രീയ ആയുധമാക്കി മുഖ്യമന്ത്രി സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ്. ഭരണഘടനാ വിരുദ്ധമാണിത്. ജലീലും സ്വപ്നയും അടങ്ങുന്ന സംഘമാണ് വിശുദ്ധ ഖുര്‍ആനെ അപമാനിച്ചത്. ഖുര്‍ആനെ മുന്‍നിര്‍ത്തിയപ്പോള്‍ യു.ഡി.എഫ് സമരത്തില്‍ നിന്ന് പിന്മാറുന്ന അവസ്ഥയാണുള്ളത്.

തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായത്തെ മുഖ്യമന്ത്രി പ്രീണിപ്പിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോത്തിന്‍റെ പേരിലായിരുന്നു മുതലെടുപ്പ്. ഇപ്പോള്‍ ഖുര്‍ആനാണ്. സി.പി.എമ്മിലെ ഹിന്ദുക്കളായിട്ടുള്ള അണികള്‍ ആത്മപരിശോധന നടത്തണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ലൈഫ് മിഷനില്‍ മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണ്. ലൈഫ് മിഷനില്‍ കരാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിവരാവകാശ രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാറിന്‍റെ ഉദ്ഘാടന പരിപാടികള്‍ ബി.ജെ.പി ബഹിഷ്കരിക്കുമെന്നും കെ. സുരേന്ദ്രന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *