ന്യുദല്‍ഹി: ജനതാല്‍പര്യം മുന്‍നിര്‍ത്തി എറണാകുളം പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ നടപടികളെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണം, മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ അടിയന്തരമായി അനുമതി നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഹാജരായി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. ഇ. ശ്രീധരന്റെയും ചെന്നൈ ഐഐടിയുടെയും എഞ്ചിനീയര്‍മാര്‍ അംഗങ്ങളായ സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ എ.ജി ചൂണ്ടിക്കാട്ടി.
അറ്റോര്‍ണി ജനറലിന്റെ വാദമുഖങ്ങള്‍ കോടതി അംഗീകരിച്ചു. പാലം അപകടത്തിലാണെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചു പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷം കൊണ്ട് പാലം തകര്‍ന്നുവെന്ന കാരണം കൊണ്ട് തന്നെ ഹൈക്കോടതി വിധി റദ്ദാക്കുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഭാരപരിശോധന നടത്തണമെന്ന കരാര്‍ കമ്പനിയുടെയും കിറ്റ്കോയുടെയും ആവശ്യം ജസ്റ്റിസ് ആര്‍എഫ് ഹരിമാന്‍ അധ്യക്ഷനായ ബെഞ്ച് തള്ളി. 18.71 കോടി രൂപ ചെലവില്‍ 100 വര്‍ഷം ആയുസുള്ള പാലം നിര്‍മിക്കാമെന്ന് ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. സുപ്രീംകോടതി വിധിക്ക് അനുസരിച്ച് ആറ് മാസത്തിനകം ഹൈകോടതിയിലെ ഹരജി തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു
