സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ഹൈയെ പുറത്താക്കി. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റ് പാസാക്കി. ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാരോപിച്ചാണ് നടപടി.
ദേശീയ അസംബളിയില്‍ 234 അംഗങ്ങള്‍ പാര്‍കിനെതിരെ വോട്ട് ചെയ്തു. 56 വോട്ടുകള്‍ മാത്രമാണ് പാര്‍കിന് അനുകൂലമായി ലഭിച്ചത്. പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസായ ശേഷം അധികാരം പ്രധാനമന്ത്രി ഹുവാന്‍ ക്യോയാന് കൈമാറി.
ഇംപീച്ച്‌മെന്റ് പാര്‍ലമെന്റ് അംഗീകരിച്ചാലും ഭരണഘടന കോടതയുകെ തീരുമാനം വരുന്നതുവരെ താന്‍ തുടരുമെന്ന് പാര്‍ക് ഗ്യുന്‍ നേരത്തെ അറിയിച്ചിരുന്നു.
ദക്ഷിണ കൊറിയയുടെ ആദ്യ വനിതാപ്രസിഡന്റായ പാര്‍ക്. ബാല്യകാല സുഹൃത്ത് ചോയ് സൂന്‍ സിലിന്റെ അഴിമതിക്ക് കൂട്ടുനിന്നെന്ന ആരോപണമാണ് പാര്‍കിന് തിരിച്ചടിയായത്. പാര്‍കിന്റെ രാജിക്കായി ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. കഴിഞ്ഞ ഒന്നര മാസമായി പാര്‍ക്കിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയായിരുന്നു.
2018ലാണ് കാലാവധി അവസാനിക്കുക. അധികാര ദുരുപയോഗത്തിനും അഴിമതിക്ക് സഹായം ചെയ്തതിന്റെയും പേരില്‍ പാര്‍ക് രണ്ടു തവണ പൊതുജനമധ്യത്തില്‍ മാപ്പു പറഞ്ഞിരുന്നു. രാജി സന്നദ്ധത അറിയിച്ചുവെങ്കിലും പ്രതിപക്ഷം അത് നിരസിക്കുകയായിരുന്നു.
പ്രസിഡന്റ് പാര്‍കുമായുള്ള അധികാരം മുതലെടുത്ത് സാംസങ്, ഹ്യൂണ്ടായി പോലുള്ള കമ്പനികളില്‍നിന്ന് കോടിക്കണക്കിന് യു.എസ് ഡോളറാണ് സന്നദ്ധസംഘടനയുടെ പേരില്‍ ചോയ് തട്ടിയെടുത്തത്.
