സായിപ്പ് ഇറങ്ങി ഓടി

മൂന്നാര്‍: നോട്ട് പ്രതിസന്ധി രാജ്യത്തെ ജനങ്ങളെ മാത്രമല്ല, വിദേശികളായ വിനോദ സഞ്ചാരികളെയും ശരിക്കും ബാധിച്ചു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം മൂന്നാറില്‍ നടന്ന സംഭവം. മൂന്നാറും പരിസരവും കാണാന്‍ എത്തിയ സായിപ്പ് വിശന്നപ്പോള്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. എന്നാല്‍ നല്‍കാന്‍ പണമില്ല. പിന്നെ ഒന്നും നോക്കിയില്ല. ഏതൊരു മനുഷ്യനും ചെയ്യുന്ന പോലെ അയാളും ഇറങ്ങിയോടി. പക്ഷേ ഹോട്ടലുകാരന്റെ വേഗത്തെ തോല്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ സായിപ്പ് പിടിക്കപ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് വിശദവിവരം മനസിലായത്. അക്കൗണ്ടില്‍ ആവശ്യത്തിന് പണം നിക്ഷേപിച്ച ശേഷം ഇന്ത്യ ചുറ്റാന്‍ ഇറങ്ങിയ യുഎസ് പൗരനാണ് ഗതികേടിലായത്. ഇന്ത്യയില്‍ വന്നപ്പോള്‍ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ആവശ്യത്തിന് പണം സ്വന്തം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയാതെ വന്നു. കൊച്ചിയില്‍ വന്ന് എടിഎമ്മുകളില്‍ എല്ലാം കയറി പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് യുഎസ് യുവാവ് മൂന്നാറില്‍ എത്തി പണം പിന്‍വലിക്കാന്‍ ശ്രമം നടത്തി. ഇവിടെയും പരാജയം സമ്മതിക്കേണ്ടി വന്നു. പണം ലഭിക്കാതെ പ്രതിസന്ധിയിലായ യുവാവിനെ ജീവിതത്തിലെ ഏറ്റവും വലിയ യാഥാര്‍ഥ്യമായ വിശപ്പ് പിടിപെട്ടതോടെയാണ് കാര്യങ്ങള്‍ പ്രതിസന്ധിയിലായത്. മൂന്നാറിലെ ഹോട്ടലില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. കാര്‍ഡ് സ്വീകരിക്കുമോ എന്ന് സായിപ്പ് ആദ്യമേ അന്വേഷിച്ചിരുന്നു. ഇല്ല, എന്ന് മറുപടിയും ലഭിച്ചു. വിശപ്പ് പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വന്നതോടെ വയറു നിറയെ ശാപ്പാട് അടിച്ച് സായിപ്പ് പിന്നെ ഇറങ്ങി ഒറ്റയോട്ടമായിരുന്നു. ഹോട്ടലുകാര്‍ സായിപ്പിനെ ഓടിച്ചിട്ട് പിടിച്ചെങ്കിലും ഗതികേട് മനസിലാക്കി വിട്ടയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *