സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക വകുപ്പ് ഉണ്ടാക്കും

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഇതിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും പിങ്ക് പട്രോള്‍ പദ്ധതിയുടെ ഫ് ളാഗ്ഓഫും കൊല്ലം ബീച്ചില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പോലീസില്‍ വനിത പോലീസ് ബറ്റാലിയന് രൂപം നല്‍കും. പോലീസ് സേനയില്‍ 50 ശതമാനം വനിതകള്‍ക്കായി നീക്കിവയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി 451 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. നിസഹായയായ സ്ത്രീകള്‍ക്ക് ഏത് സമയത്തും പോലീസിന്റെ സഹായത്തിനായി 1515 എന്ന പിങ്ക് പെട്രോളിന്റെ നമ്പരില്‍ വിളിക്കാം.
കൂടാതെ 181 എന്ന ഹെല്‍പ് ലൈന്‍ സേവനവും ഉപയോഗപ്പെടുത്താം. ലാന്റ് ലൈനിലും മൊബൈലിലും ഈ സേവനം ലഭ്യമാണ്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷസംബന്ധിച്ച് സംസ്ഥാനത്ത് നിലനില്‍ക്കുന്ന ആശങ്കക്ക് പരിഹാരമുണ്ടാക്കാന്‍ ശക്തമായ നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. സമീപകാല കേസുകള്‍ പരിശോധിച്ചാല്‍ കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെട്ടതായി കാണാം. സമൂഹത്തിലെ ഏത് തുറയില്‍പ്പെട്ട വ്യക്തിയാണെങ്കിലും കുറ്റം ചെയ്താല്‍ ശിക്ഷിക്കുകതന്നെ ചെയ്യും എന്നതാണ് സര്‍ക്കാരിന്റെ നയം.

ജനമൈത്രീ പോലീസിലൂടെ പോലീസിന്റെ മുഖം കൂടുതല്‍ ജനകീയമാക്കും. നഗര പ്രദേശങ്ങളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ മുഖേനയും തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍ മുഖേനയും പോലീസിന്റെ സേവനം കൂടുതല്‍ കാര്യക്ഷമതയോടെ ലഭ്യമാക്കും. കുടുംബത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ സമൂഹത്തിലെ ഓരോ വ്യക്തിക്കും ചുമതലയുണ്ട്. ഇതിനായി സര്‍ക്കാര്‍ കൂടുതല്‍ ബോധവത്ക്കരണ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *