തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ എസ്ബിടി ശാഖകളുടെയും ബോര്‍ഡുകള്‍ മാറ്റി പകരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു രേഖപ്പെടുത്താന്‍ എസ്ബിഐക്കു നിര്‍ദേശം ലഭിച്ചു. എസ്ബിടിഎസ്ബിഐ ലയനം പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായാണ് എസ്ബിടി യുടെ ഈ മാറ്റം. ഇരു ബാങ്കുകളിലെയും ഇടപാടുകാരുടെ അക്കൗണ്ട് നമ്ബറുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പട്ടികയും തയാറായി. ഇനി ലയന വിജ്ഞാപനം എന്ന ഔദ്യോഗിക നടപടിക്രമം മാത്രമാണു ബാക്കി.
എസ്ബിടി എന്നീ മൂന്നക്ഷരങ്ങളും ഇവയ്ക്കിടയില്‍ ഉയര്‍ന്നു നില്ക്കുന്ന തെങ്ങുമാണ് എസ്ബിടിയുടെ ലോഗോ. ഇതു മാറ്റി, പകരം പീകോക് ബ്ലൂ എന്ന നിറത്തില്‍ എസ്ബിഐ എന്ന മൂന്നക്ഷരങ്ങളാണു ബോര്‍ഡുകളില്‍ സ്ഥാനം പിടിക്കുക.
സംസ്ഥാനത്തെ 1700 എടിഎമ്മുകളിലെയും 1177 ശാഖകളിലെയും ബോര്‍ഡുകള്‍ മാറ്റുന്നതിനുള്ള ചുമതല കരാറുകാര്‍ക്കു വീതിച്ചു നല്കുന്ന നടപടിയാണു പുരോഗമിക്കുന്നത്. പലര്‍ക്കായി കരാര്‍ നല്കിയാല് ബോര്‍ഡുകളെല്ലാം ഒറ്റയടിക്കു മാറ്റി പുതിയ മുഖച്ഛായ വരുത്താമെന്നാണ് എസ്ബിഐയുടെ കണക്കുകൂട്ടല്‍.
ഇരു ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇവ വെവ്വേറെ അക്കൗണ്ടുകളായിത്തന്നെ സൂക്ഷിക്കാമെങ്കിലും ഒറ്റ കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ നമ്ബറിനു കീഴിലാക്കും. എന്നാല്‍, ചിലര്‍ക്ക് ഇരുബാങ്കുകളിലും ഒരേ അക്കൗണ്ട് നമ്ബറാണെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത് എങ്ങനെ പരിഹരിക്കണമെന്ന ആലോചന നടക്കുകയാണ്.2014ല്‍ കോര്‍ ബാങ്കിങ് സംവിധാനം വരുന്നതിനു മുന്‍പ് ബാങ്ക് മാസ്റ്റര്‍ എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചായിരുന്നു എസ്ബിടിയും എസ്ബിഐയും ഇടപാടുകള്‍ നടത്തിയിരുന്നത്. അന്ന് രണ്ടു ബാങ്കുകളും ഇടപാടുകാര്‍ക്ക് ഒരേ അക്കൗണ്ട് നമ്ബര്‍ നല്കിയാല് കണ്ടെത്താന്‍ മാര്‍ഗമില്ലായിരുന്നു. ഒരേ നമ്ബറുള്ളവര്ക്കു പുതിയ അക്കൗണ്ട് നമ്ബര്‍ നല്‍കിയേക്കുമെന്ന് എസ്ബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
