മലപ്പുറം:പ്രശസ്ത ഉര്‍ദു കവിയും കേരളത്തിലെ ഉര്‍ദു ഭാഷയുടെ മുഖ്യ പ്രചാരകനുമായിരുന്ന സയ്യിദ് മുഹമ്മദ് സര്‍വ്വറിന്റെ സ്മാരകമായി മലപ്പുറം നഗരസഭയുടെ സഹകരത്തോടെ മലപ്പുറം ഉര്‍ദു ലവേഴ്സ് അസോസിയേഷന്‍ നിര്‍മ്മിച്ച സ്മാരക കവാടം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നാടിന് സമര്‍പ്പിച്ചു.
മലപ്പുറം നഗരസഭയിലെ മുണ്ടുപറമ്പിലുള്ള മുണ്ടുപറമ്പ്- കാട്ടുങ്ങല്‍ റോഡിന് കുറുകെയാണ് മലപ്പുറം ഉര്‍ദു ലവേഴ്സ് അസോസിയേഷന്‍ സ്മാരക കവാടം സ്ഥാപിച്ചിരിക്കുന്നത്. എസ്.എം സര്‍വ്വര്‍ കേരളത്തിന് മറക്കാനാവാത്ത കവിയാണെന്നും കവിതകളിലൂടെ അദ്ദേഹം ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
1916 ല്‍ തൃശൂരിലെ കാട്ടൂരില്‍ ജനിക്കുകയും ചെറുപ്പത്തില്‍ തന്നെ ഉര്‍ദു ഭാഷയില്‍ ആകൃഷ്ടനാകുകയും ചെയ്ത സര്‍വ്വര്‍ ബാംഗ്ലൂരില്‍ നിന്നാണ് ഉര്‍ദുവില്‍ പ്രാവീണ്യം നേടിയത്.
പഠനത്തിന് ശേഷം ആദ്യം തലശ്ശേരിലും പിന്നിട് മലപ്പുറം ഗവ: ഹൈസ്‌കൂളിലും അധ്യാപകനായി.നവായെ സര്‍വര്‍, അര്‍മഗാനെ കേരള തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതാ സമാഹരങ്ങളാണ്. മലപ്പുറത്ത് മുണ്ടുപറമ്പിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍ എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് .ജമീല ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഒ.പി റജീന ഹുസൈന്‍, ഉര്‍ദു ലവേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ പി.എ.മജീദ്, പി.മൊയ്തീന്‍ കുട്ടി, എന്‍.മൊയ്തീന്‍ കുട്ടി, ഡോ.കെ.പി ഷംസുദ്ദീന്‍ തിരൂര്‍ക്കാട്, കെ വി മൊയ്തീന്‍, എം.ഹുസൈന്‍, എം. ഹനീഫ, എന്‍.ബഷീര്‍, ടി അബ്ദുല്‍ റഷീദ് പങ്കെടുത്തു.
