ന്യുദല്‍ഹി:ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചൈനയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ്,പ്രധാനമന്ത്രി നരേന്ദ്രമോദി,കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി,മന്‍മോഹന്‍ സിംഗ്.ശശിതരൂര്‍ തുടങ്ങി ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖ നേതാക്കളെയാണ് ചൈന രഹസ്യമായി നിരീക്ഷിക്കുന്നതെന്ന് ഒരു പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ഷെന്‍ഹായ് ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് രഹസ്യനിരീക്ഷണം നടത്തുന്നത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ബിഗ് ഡാറ്റാ ടൂള്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് നേതാക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. ദേശീയ, സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍, ന്യായാധിപന്‍മാര്‍, പോലീസ് മേധാവികള്‍, ശാസ്ത്രജ്ഞര്‍,മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരും നിരീക്ഷണ പട്ടികയിലുണ്ടെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തയെ കുറിച്ച് ചൈനീസ് കമ്പനി പ്രതികരിച്ചിട്ടില്ല. നിരീക്ഷണം നടത്താന്‍ ചൈന സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി നല്‍കുന്ന വിശദീകരണം.
