കോഴിക്കോട് വിമാനത്താവളങ്ങള്‍ ആവശ്യത്തിനുണ്ടെങ്കിലും റോഡുകള്‍ വികസിക്കാത്തത് സംസ്ഥാനത്ത് യാത്രാ ദുരിതമുണ്ടാക്കുകയാണ്. കേരളത്തിലെത്തുന്ന വ്യവസായികള്‍ ഇതില്‍ മനംമടുത്തു മടങ്ങുന്ന അവസ്ഥയുണെന്നും മുഖ്യമന്ത്രി പിണറായ് വിജയന്‍ പറഞ്ഞു. കോഴിക്കോട് പന്നിയങ്കര മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ കുറച്ചുപേര്‍ വിഷമമനുഭവിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതുമാത്രം കണ്ട് അടിസ്ഥാന സൗകര്യവികസനം വേണ്ട എന്നുവയ്ക്കാനാകില്ല. ആളുകളുടെ വിഷമവും കണക്കിലെടുത്ത് അവര്‍ക്ക് ആവശ്യമായ പുനരധിവാസം ഏര്‍പ്പെടുത്തി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.
സാമൂഹിക നീതിയിലൂന്നിയ വികസനമാണ് സര്‍ക്കാരിന്റെ നയം. എല്ലാ പ്രതിസന്ധികള്‍ക്കിടിയിലും സമയബന്ധിതമായി പാലം പൂര്‍ത്തിയാക്കിയ ഇ.ശ്രീധരന്റെയും ഡിഎംആര്‍സിയുടെയും മാതൃക സ്വീകരിച്ച് ഇവിടത്തെ ഉദ്യോഗസ്ഥ വൃന്ദവും സംവിധാനങ്ങളും മാറാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്ന ശ്രീധരന്‍ മനുഷ്യനാണ്. അപ്പോള്‍ മനുഷ്യരായ തങ്ങള്‍ക്കും ഇതെല്ലാം ചെയ്യാന്‍ കഴിയുമെന്ന മനോഭാവമാണ് ഇവിടത്തെ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകേണ്ടതെന്നും പറഞ്ഞു.
പാലത്തിന്റെ നിര്‍മാണത്തിനായി ഡിഎംആര്‍സിക്ക് അനുവദിച്ച 50.16 കോടി രൂപയില്‍ 10 കോടി സര്‍ക്കാരിനു തിരിച്ചുനല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ലൈറ്റ് മെട്രോയുടെ പ്രാരംഭ പദ്ധതിയെന്ന നിലയിലാണ് പന്നിയങ്കര മേല്‍പാല നിര്‍മാണവും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്‍പിച്ചത്.
