പാലക്കാട് വിമാനത്താവളം: ആവശ്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിൽ

പാലക്കാട്: പാലക്കാട് വിമാനത്താവളം സ്ഥാപിക്കണമെന്ന ആവശ്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. പഴം, പച്ചക്കറി, പൂക്കൾ, നാണ്യവിളകൾ എന്നിവയുടെ കയറ്റുമതിക്ക് ജില്ലയിൽ വലിയ സാധ്യതകളുണ്ടെന്നും ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 2027 മുതൽ കൊച്ചിക്ക് സമാനമായ മാറ്റത്തിനും അതിവേഗ വികസനത്തിനും പാലക്കാട് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

15-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ആശയരൂപീകരണ യോഗത്തിലാണ് എംപി ഇക്കാര്യം പറഞ്ഞത്. ആസൂത്രണ പ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച യോഗത്തിൽ കാർഷികം, വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ സാധ്യതകൾ ചർച്ച ചെയ്തു.

യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി എൻ. ഷംസുദ്ദീൻ, മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളെ ഇക്കോ ടൂറിസം ഇടനാഴിയായി വികസിപ്പിക്കാനാകണമെന്ന് പറഞ്ഞു. കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് മികച്ച വില ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം. നെല്ല് സംഭരണത്തിലും കർഷകർക്ക് സമയബന്ധിതമായി പണം ലഭ്യമാക്കുന്നതിലും ആധുനിക സംവിധാനങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം നിർദേശിച്ചു. അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി, പിന്നാക്ക മേഖലകളുടെ സന്തുലിത വികസനവും ഉറപ്പാക്കണം.

കോഴിക്കോട്-പാലക്കാട് റോഡിന്റെയും ഗ്രീൻഫീൽഡ് ഹൈവേയുടെയും നിർമാണം വേഗത്തിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.എ. തുളസി, കർഷകരെയും കർഷകത്തൊഴിലാളികളെയും പരിഗണിക്കാതെ ജില്ലയുടെ വികസനം ആസൂത്രണം ചെയ്യാനാകില്ലെന്ന് പറഞ്ഞു. പാലക്കാടിന് പ്രത്യേക കാർഷിക പാക്കേജ് പരിഗണിക്കണമെന്നും പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ടുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കണമെന്നും അവർ നിർദേശിച്ചു.

വ്യാവസായിക വികസനം, നിർദിഷ്ട ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കുടിവെള്ള ലഭ്യത, ദാരിദ്ര്യ നിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ ഓൺലൈനായി ആമുഖ പ്രഭാഷണം നടത്തി. രമേഷ് പിഷാരടി എംഎൽഎ, ജില്ലാ കളക്ടർ കെ. സുധീർ, നഗരസഭാ ചെയർമാൻ പി. സ്മിതേഷ്, ആസൂത്രണ ബോർഡംഗങ്ങളായ ഡോ. പി.പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ജില്ലാ പ്ലാനിങ് ഓഫീസർ എലിയാമ്മ നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *