പാലക്കാട് കല്‍പ്പാത്തി പുഴയില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയ അമ്മാവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പത്തു വയസുകാരന് മുങ്ങി മരിച്ചു. പാലക്കാട് കുന്നുംപുറം പേച്ചിയച്ചന്‍ നഗറിലെ മനോജിന്റെ മകനാണ് അപകടത്തില്‍പ്പെട്ട ആദര്‍ശ്. ഇന്ന് രാവിലെ 10 മണിക്ക് ശേഷം ചെട്ടിത്തെരുവിലുള്ള അമ്മാവന് ഒപ്പം കല്‍പ്പാത്തി പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ആദര്‍ശ് . സ്കൂള്‍ വെക്കേഷന് കാരണം സമീപത്തെ മറ്റ് ചിലകുട്ടികളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. കല്‍പ്പാത്തി കുണ്ടമ്പലത്തുള്ള കടവിലായിരുന്നു ഇവര്‍ ഇറങ്ങിയത്. ഇതിനിടെയാണ് ആദര്‍ശ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുട്ടിയുടെ അച്ഛനും സ്ഥലത്തുണ്ടായിരുന്ന അമ്മാവനും ഉള്‍പ്പെടെ കുഞ്ഞിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. എങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാലക്കാട് ചെട്ടിത്തെരുവ് സ്വദേശികളായ മനോജും കുടുംബവും പേച്ചിമ്മന് നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
റെയില്‍വേ കോളനി സെന്റ് തോമസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ് .
അനുവാണ് അമ്മ. ഒരു സഹോദരനുമുണ്ട്
