പാലക്കാട്: ചെന്നൈയില്‍ നിന്നും ചെങ്ങന്നൂരിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ വയോധികയുടെ 50 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ പിടിയില്‍. തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശിയായ ബാലമുരുകനെയാണ് ആര്‍.പി.എഫും റെയില്‍വേ പോലീസും ചേര്‍ന്ന് അതിസാഹസികമായി പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം കോയമ്പത്തൂരില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ അന്വേഷണ സംഘത്തിന്റെ വലയിലായത്.
രണ്ടാം തീയതി ചെന്നൈയിലെ മകന്റെ വീട്ടില്‍ നിന്നും ചെങ്ങന്നൂരിലെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനി കുമാരിയുടെ സ്വര്‍ണ്ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കുടുംബത്തിലെ ഒരു വിവാഹ ആവശ്യത്തിനായി കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം സീറ്റിനടിയിലെ ബാഗിലായിരുന്നു സൂക്ഷിച്ചിരുന്നത്. സേലത്തു നിന്നാണ് പ്രതി ബാലമുരുകന്‍ ട്രെയിനില്‍ കയറിയത്. യാത്രയ്ക്കിടയില്‍ സ്വര്‍ണമടങ്ങിയ ബാഗ് കൈക്കലാക്കിയ ഇയാള്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ട്രെയിന്‍ തൃശ്ശൂര്‍ പിന്നിട്ട ശേഷമാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം കുമാരി അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി.
പരാതി ലഭിച്ചയുടന്‍ തന്നെ ആര്‍.പി.എഫും റെയില്‍വേ പോലീസും സംയുക്തമായി കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപകമായ അന്വേഷണം ആരംഭിച്ചു. പാലക്കാട് നിന്നും പല ബസുകള്‍ മാറി കയറിയാണ് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നത്. ദിവസങ്ങളോളം വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പിന്നീട് പ്രതിയുടെ തന്നെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ റീലുകള്‍ പരിശോധിച്ചത് ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിന് ഏറെ സഹായകമായി. ഒടുവില്‍ കോയമ്പത്തൂരില്‍ വെച്ച് സ്വര്‍ണം വില്‍ക്കാന്‍ എത്തിയപ്പോള്‍ പോലീസ് സംഘം ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
വിവാഹത്തിനായി വെച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടതില്‍ കടുത്ത വിഷമത്തിലായിരുന്നുവെന്നും, പോലീസ് ഇത്രയും വേഗത്തില്‍ പ്രതിയെ കണ്ടെത്തി സ്വര്‍ണം വീണ്ടെടുത്ത് തന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പരാതിക്കാരിയായ കുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു. റെയില്‍വേ പോലീസിന്റെയും ആര്‍.പി.എഫിന്റെയും മികച്ച അന്വേഷണ മികവാണ് കേസില്‍ നിര്‍ണായകമായത്.
