അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട് : എന്‍സിപിക്കെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം

പാലക്കാട് : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപിക്ക് പിന്തുണ നല്‍കിയ അജിത്‌ പവാറിന്റെ അപ്രതീക്ഷിത നീക്കത്തില്‍ എന്‍സിപിക്കെതിരെ വിമര്‍ശനവുമായി വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍സിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചില്‍ സമാനതകളില്ലാത്തതാണെന്നും വി ടി ബല്‍റാം ഫേസ്‍ബുക്കില്‍ കുറിച്ചു. സ്വന്തം വിശ്വാസ്യത പൂര്‍ണ്ണമായി കളഞ്ഞു കുളിച്ച ഒരു അധികാര മോഹി മാത്രമായി പവാര്‍ അധഃപതിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേരള ഘടകത്തെ മന്ത്രിസഭയിലും മുന്നണിയിലും നിലനിര്‍ത്തുമോ എന്ന് ഇടതു മുന്നണി വ്യക്തമാക്കണമെന്നും വി ടി ബല്‍റാം പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ

അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ എന്‍സിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചില്‍ സമാനതകളില്ലാത്തതാണ്. മറ്റെല്ലാ ആശങ്കകള്‍ക്കുമപ്പുറം ബിജെപിയുടെ ഒരു സര്‍ക്കാരിനെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താനുള്ള അവസരമെന്ന നിലയിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ മതേതര മനസ്സുള്ളവര്‍ നോക്കിക്കണ്ടത്. അതിനുവേണ്ടിയാണ് മനസ്സില്ലാ മനസ്സോടെ പല വിട്ടുവീഴ്ചകള്‍ക്കും സന്നദ്ധമായത്. എന്നാല്‍ അതിനെയെല്ലാം അട്ടിമറിച്ച്‌ രായ്ക്കുരാമാനം ശരദ് പവാറിനെ മറുകണ്ടം ചാടിച്ചതിന് പുറകില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭീഷണിയാണോ രാഷ്ട്രപതി പദത്തിന്റെ പ്രലോഭനമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഏതായാലും സ്വന്തം വിശ്വാസ്യത പൂര്‍ണ്ണമായി കളഞ്ഞു കുളിച്ച ഒരു അധികാര മോഹി മാത്രമായി പവാര്‍ അധഃപതിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേരള ഘടകത്തെ മന്ത്രിസഭയിലും മുന്നണിയിലും നിലനിര്‍ത്തുമോ എന്ന് ഇടതു മുന്നണി വ്യക്തമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *