മലപ്പുറം: ഇഫ്താര്‍ സംഗമമൊരുക്കി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. താലപ്പൊലിയും റമദാന് വ്രതവും ഒരുമിച്ച് വന്നതോടെ ക്ഷേത്രോത്സവ ദിനത്തില്‍ നോമ്പുതുറ ഒരുക്കുകയായിരുന്നു ജനകീയാഘോഷ കമ്മിറ്റി. ചെമ്പ്രശ്ശേരി ഈസ്റ്റിലെ പുളിവെട്ടിക്കാവില്‍ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം ജനകീയ പൂരാഘോഷ കമ്മിറ്റിയാണ് മതസൗഹാര്‍ദത്തിന് മാതൃക തീര്‍ത്തത്.
ക്ഷേത്രാങ്കണത്തില്‍ തന്നെ പന്തലില്‍ വിഭവങ്ങളൊരുക്കി ആയിരുന്നു നോമ്പുതുറ. മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ അവസാന ദിവസം സംഘടിപ്പിച്ച നോമ്പുതുറയില്‍ അഞ്ഞൂറിലേറെ പേര് പങ്കെടുത്തു. ഇതാദ്യമായാണ് ഉത്സവവും റമദാന് വ്രതവും ഒരുമിച്ച് വന്നതെന്നും മുസ്ലിംകളെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോമ്പുതുറ സംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
പൂരാഘോഷ ജനകീയ കമ്മിറ്റി പ്രസിഡന്റ് വി രഞ്ജിത്ത്, ട്രഷറര്‍ ഒ പ്രേംജിത്ത്, സെക്രട്ടറി പി മാനു, പി ആര് രശ്മില്‍നാഥ്, പി ആര് രോഹില്‍നാഥ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
