ന്യൂഡല്‍ഹി: ഇന്ത്യയിലൊട്ടാകെ പുതിയ ചര്‍ച്ചയായി മാറിയ ബീഹാറി യുവഗായിക നേഹ സിംഗ് റാത്തോഡിന്റെ ‘ തുംസാ കോയി ജൂഠാ ഔര്‍ ബേയിമാനി നഹി ഹെ; കിസി ഏക് കി ബപൗതി ഹിന്ദുസ്ഥാന്‍ നഹീം ഹൈ…’ (ഹിന്ദുസ്ഥാന്‍ ഒരാളുടെയും സ്വകാര്യ സ്വത്തല്ല) എന്ന ഗാനത്തിലെ വരികള്‍ ഓരോ ദിവസവും ജനങ്ങള്‍ ഏറ്റുപാടുകയാണ്.
ഈ ഗാനത്തില്‍ പറയുന്ന ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍ ആരാണ്.?
മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്താന്‍ സൈന്യത്തിന്റെ മേധാവിയാകാനുള്ള അവസരം പോലും ഉപേക്ഷിച്ച് ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച ഈ മുസ്ലിം സൈനികന്‍, രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനിടെ ജീവന്‍ ബലികഴിച്ച ധീരനായകനായിരുന്നു.
1912 ജൂലൈ 15ന് ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലെ ബിബിപുരിലാണ് മുഹമ്മദ് ഉസ്മാന്‍ ജനിച്ചത്. 1934 ഫെബ്രുവരി ഒന്നിന് ബലൂച് റെജിമെന്റില്‍ സൈനിക സേവനം ആരംഭിച്ചു. വിഭജനകാലത്ത് ബലൂച് റെജിമെന്റ് പാകിസ്താന്റെ ഭാഗമായപ്പോള്‍ ഇന്ത്യയില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. പാകിസ്താന്‍ സൈന്യത്തില്‍ ഉന്നത പദവി വാഗ്ദാനം ചെയ്തിട്ടും തീരുമാനം മാറ്റിയില്ലെന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്.
1947-48ലെ ഇന്ത്യപാക് യുദ്ധത്തില്‍ ജമ്മു കശ്മീരിലെ നൗഷേര മേഖലയില്‍ 50-പാരാ ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്നു അദ്ദേഹം. പാകിസ്താന്റെ പിന്തുണയോടെ എത്തിയ ഗോത്രവര്‍ഗ സായുധസംഘങ്ങളുടെ ശക്തമായ ആക്രമണങ്ങളെ ചെറുത്തുനിന്ന് നൗഷേര സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ ധീരതയാണ് അദ്ദേഹത്തിന് ‘ഷേര്‍ഇനൗഷേര’ (നൗഷേരയുടെ സിംഹം) എന്ന വിശേഷണം നേടിക്കൊടുത്തത്.
1948 മാര്‍ച്ചില്‍ ശത്രുസേനയുടെ നിയന്ത്രണത്തിലായിരുന്ന ജംഗാര്‍ തിരിച്ചുപിടിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. എന്നാല്‍ അതേ വര്‍ഷം ജൂലൈ മൂന്നിന് ജംഗാറിന് സമീപം ശത്രുസേനയുടെ പീരങ്കിയാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അന്ന് അദ്ദേഹത്തിന് 35 വയസ്സായിരുന്നു.
രാജ്യത്തിനായി നടത്തിയ ധീരമായ സേവനത്തിനും അസാധാരണമായ നേതൃത്വപാടവത്തിനും മരണാനന്തരം രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന യുദ്ധകാല സൈനിക ബഹുമതിയായ മഹാവീരചക്ര നല്‍കി ആദരിച്ചു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ കാമ്പസിലായിരുന്നു ബ്രിഗേഡിയറുടെ ഖബറടക്കം.
മതം നോക്കിയല്ല രാജ്യസ്‌നേഹം അളക്കേണ്ടതെന്നും രാജ്യത്തോടുള്ള കൂറാണ് ഒരു സൈനികന്റെ യഥാര്‍ഥ അടയാളമെന്നും സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍. ഇത്തരത്തില്‍ വിവിധ മതവിശ്വാസികളായ ദേശസ്‌നേഹികളുടെ വിയര്‍പ്പും ചോരയും ചേര്‍ന്ന് നെയ്‌തെടുത്ത സ്വാതന്ത്ര്യത്തിന്റെ അടുത്തറയിലാണ് ഇന്ത്യ എന്ന മഹാരാജ്യം ഇന്നും നിലനില്‍ക്കുന്നത്.
