തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി. അവധിയിലായിരുന്ന ജേക്കബ് തോമസിന്റെ അവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് പുതിയ അവധി അപേക്ഷ ജേക്കബ് തോമസ് സര്‍ക്കിറിന് കൈമാറുകയായിരുന്നു.
കോടതിയുടെ നിരന്തര വിമര്‍ശനത്തെ തുടര്‍ന്നാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിയമിക്കേണ്ട സാഹചര്യത്തില്‍ നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, അവധി കഴിഞ്ഞ് തിരികെയെത്തുന്ന ജേക്കബ് തോമസ് എന്നിവര്‍ക്ക് ഏത് സ്ഥാനം നല്‍കുമെന്ന ആശയക്കുഴപ്പമാണ് സര്‍ക്കാരിനെ അലട്ടുന്നത്.
മുന്മന്ത്രി കെഎം മാണിക്കെതിരെ അടക്കം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ തുടര്‍ച്ചയായി കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് ഒരു മാസത്തെ അവധിയില്‍ ജേക്കബ് തോമസ് പ്രവേശിച്ചത്. ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നടപടിയെടുക്കാതിരിക്കുന്നതിനെയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
