ബ്ലൂ വെയില്‍ ഗെയിം ; കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ബ്ലൂ വെയില്‍ പോലെയുള്ള ഗെയിമുകളിലെ അപകടങ്ങളെക്കുറിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവത്കരണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ഇറക്കിയത്. എല്ലാ സംസ്ഥാനങ്ങളും കുട്ടികളില്‍ ബോധവത്കരണം നടത്തണമെന്നാണ് ഉത്തരവ്.

 

കുട്ടികള്‍ക്ക് ഇത്തരം ഗെയിമുകള്‍ ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി നല്‍കണമെന്നും , അവരുടെ ജീവിതത്തിന്റെ അര്‍ത്ഥവും , സൗന്ദര്യവും എന്താണെന്ന് മനസിലാക്കി കൊടുക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിമാര്‍ക്ക് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കാനും കോടതി അറിയിച്ചു.

ഇത്തരത്തിലുള്ള ഗെയിമുകളുടെ ദുരിതഫലങ്ങളെക്കുറിച്ച് രാജ്യത്തെ എല്ലാ സ്‌കൂളുകളേയും അറിയിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനും ബെഞ്ച് നിര്‍ദേശം നല്‍കി.

ബ്ലൂ വെയില്‍ ഗെയിം കളിച്ചതിലൂടെ കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *