നടന്‍ ശ്രീജിത്ത് രവിക്കായി ഒത്തുകളി തുടര്‍ന്നു

പാലക്കാട്: പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്ന കേസില്‍ നടന്‍ ശ്രീജിത്തിന് ജാമ്യം ലഭിച്ചത് ഒത്തുകളിയെന്ന് ആരോപണം.
പോക്‌സോ നിയമം ചുമത്തിയിട്ടും ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ നടനുവേണ്ടി ഒത്തുകളിച്ചതുകൊണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കംമുതല്‍ നടനെ സംരക്ഷിക്കുന്ന രീതിയായിരുന്നു ഒറ്റപ്പാലം പോലിസിന്റെത്. ഇതിന്റെ തുടര്‍ച്ചയാണ് ഗവ. പ്ലീഡറില്‍ നിന്നുണ്ടായതെന്നാണ് വിലയിരുത്തല്‍. ഫോട്ടോയെടുക്കാന്‍ ശ്രീജിത്ത് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാതിരിക്കുകയും, ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെയും പരാതിക്കാരേയും സ്വാധീനിക്കാനുള്ള സാഹചര്യമുണ്ടായിട്ടും കോടതിയില്‍ ജാമ്യത്തെ എതിര്‍ത്തില്ലെന്നതാണ് പ്രോസിക്യൂഷന്‍ സംശയത്തിന്റെ നിഴലിലാവാന്‍ കാരണം. ജാമ്യം ലഭിച്ച ശേഷം ശ്രീജിത്തും അദ്ദേഹത്തിന്റെ വക്കീലും ഗവ. വക്കീലും കോടതിവളപ്പില്‍ തന്നെയുള്ള കഫറ്റീരിയയില്‍ ഒരുമിച്ച് ചായകുടിച്ചതും അവര്‍ തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നു.
ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഫോണെന്ന നിലയില്‍ ശ്രീജിത്ത് പോലിസിന് മുന്നില്‍ ഹാജരാക്കിയത് യഥാര്‍ഥ ഫോണല്ലെന്നും പരാതിക്കാരികളായ കുട്ടികള്‍ പോലിസിനെ അറിയിച്ചിരുന്നു. എന്നാല്‍, പോലിസ് ഇത് പരിഗണിച്ചിട്ടില്ല. തുടക്കം മുതല്‍ ഒറ്റപ്പാലം പോലിസ് കേസ് ഇല്ലാതാക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളെല്ലാം നിയമവിരുദ്ധവും അധാര്‍മികവുമാണെന്നു വ്യക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *