ഇനി രമേശ് പിഷാരടി സ്റ്റേജ് ഷോകള്‍ക്ക് ഇല്ല

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വിജയിച്ചതോടെ പ്രശസ്ത ഹാസ്യനടന്‍ രമേശ്പിഷാരടി സ്റ്റേജ് ഷോകള്‍ക്ക് താല്‍ക്കാലിക വിട നല്‍കുന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്‌റ്റേജ് ഷോകള്‍ ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ പൂര്‍ണസമയം ചെലവിടും. നിലവില്‍ സ്റ്റേജ്‌ഷോകള്‍ ബുക്ക് ചെയ്തവരുമായി സംസാരിക്കും. പാലക്കാട് മണ്ഡലത്തിലുള്ളവര്‍ മികച്ച ഭരണം നടത്താന്‍ തനിക്ക് നല്‍കിയ അഡ്വാന്‍സ് ആണ് ഈ വിജയം. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തകണമെന്നാണ് ആഗ്രഹിക്കുന്നത്. പിഷാരടി പറഞ്ഞു.

പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് രമേശ് പിഷാരടി പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയത്. സിറ്റിംഗ് എം.എല്‍.എ ആയിരുന്ന കോണ്‍ഗ്രസ് യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാപവാദ പരാതി പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി നിന്നിരുന്ന സമയം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് കോര്‍പ്പറേഷനില്‍ ബി.ജെ.പി, വിജയം ആവര്‍ത്തിച്ച രാഷ്ട്രീയ കാലാവസ്ഥ. ബി.ജെ.പി ഉയര്‍ത്തുന്ന കടുത്ത തെരെഞ്ഞെടുപ്പ് വെല്ലുവിളികള്‍ ഒരു ഭാഗത്ത്. പാര്‍ട്ടിയുടെ ഇമേജിന് കോട്ടതട്ടിയ സാഹചര്യങ്ങള്‍ മറുഭാഗത്ത്. യു.ഡി.എഫ് തീര്‍ത്തും പ്രതിരോധത്തില്‍ നില്‍ക്കുന്ന സമയത്താണ് രമേശ് പിഷാരടിയെ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. കോമേഡിയനെന്ന് വിളിച്ച് അപഹസിക്കപ്പെട്ടപ്പോഴും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് രമേശ് പിഷാരടി പ്രചാരണ രംഗത്ത് മുന്നേറിയത്. ആ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നത്. ഇത്തവണ, മുഖ്യ എതിരാളിയായ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭസുരേന്ദ്രനെ പിഷാരടി തോല്‍പ്പിച്ചത് 13,147 വോട്ടുകള്‍ക്കാണ്.
‘ കേരളത്തിന്റെ മഹാ വിജയത്തോടൊപ്പം പാലക്കാടിനെ ചേര്‍ത്ത് നിര്‍ത്തിയതിന് വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നു. തന്നെ വിശ്വസിച്ച യുഡിഎഫ് നേതൃത്വത്തിനും ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും തന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ച സുമനസുകള്‍ക്കും നന്ദി’ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ രമേശ് പിഷാരടി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരിചിതനായിരുന്നില്ല പിഷാരടി. ആദ്യമായി മല്‍സരിച്ചത് പാലക്കാട്ട്. കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്നുള്ള ഒരു ത്രികോണ മല്‍സരമാണ് ഇവിടെ നടന്നത്. ബി.ജെ.പിയായിരുന്നു ഇവിടെ കോണ്‍ഗ്രസിന് പ്രധാന വെല്ലിവിളി. പോളിംഗിന്റെ തലേന്ന് മണ്ഡലത്തില്‍ വോട്ട് പണം നല്‍കി വാങ്ങാന്‍ ബി.ജെ.പി ശ്രമിച്ചതായി ആരോപണങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്ത ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പാലക്കാട് മണ്ഡലത്തില്‍ മല്‍സരം കടുത്തതായി മാറി. എന്നാല്‍ ഏറെ വിജയപ്രതീക്ഷ പുലര്‍ത്തിയ ബി.ജെ.പിയെ തറപറ്റിച്ചാണ് രമേശ് പിഷാരടി ഇപ്പോള്‍ നിയമസഭയില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *