മലപ്പുറം-മുസ്ലിം ലീഗിന്റെ നേതൃയോഗം ഇന്ന് പാണക്കാട് ചേരും. പുതിയ സര്‍ക്കാരിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നയം രൂപീകരിക്കല്‍, പാര്‍ട്ടിയുടെ മന്ത്രിമാരെ തെരഞ്ഞെടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലാകും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രധാന ചര്‍ച്ച. മുസ്്‌ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ ഇന്നത്തെ യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചേക്കും.
മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച കോണ്‍ഗ്രസിലെ തര്‍ക്കം മുസ്ലിം ലീഗ് യോഗം ചര്‍ച്ച ചെയ്യും. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ അനന്തമായി നീണ്ടു പോകുന്നതില്‍ മുസ്്‌ലിം ലീഗിന് അതൃപ്തിയുണ്ട്. പാര്‍ട്ടി നേതാവും എം.എല്‍.എയുമായ പി.അബ്്ദുള്‍ ഹമീദ് ഇക്കാര്യം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പരസ്യമാക്കിയിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും കോണ്‍ഗ്രസിലെ തര്‍ക്കം മുന്നണിക്ക് ഗുണകരമാകില്ലെന്ന അഭിപ്രായം ലീഗ് നേതൃത്വത്തിനുണ്ട്.
പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സീനിയര് നേതാവ് പി.കെ.കുഞ്ഞാലികുട്ടിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തില്‍ നേതൃത്വം ഉറച്ചു നില്‍ക്കുന്നില്ലെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വ്യക്തമായ ശേഷം മാത്രം സര്ക്കാരില്‍ പാര്‍ട്ടിയുടെ പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്താല്‍ മതിയെന്ന അഭിപ്രായവും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്.
മുസ്ലിം ലീഗിന്റെ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് അടുത്ത യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടിക്ക് കുറഞ്ഞത് ആറ് മന്ത്രിമാരെയെങ്കിലും വേണമെന്നതാണ് നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായം. ഇക്കാര്യം കോണ്‍ഗ്രസിനെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കും.ആരൊക്കെ മന്ത്രിമാരാകണമെന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും.
