മുത്തലാഖും ബഹുഭാര്യത്വവും നിര്‍ത്തലാക്കും

ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കാന്‍ കേന്ദ്രം സുപ്രീം കോടതിയില്‍. മുസ്ലീം വിഭാഗത്തിനിടയിലെ മുത്തലാഖും ബഹുഭാര്യാത്വവും നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്. ഇവ രണ്ടും മതത്തില്‍ വിശ്വസിക്കാനുള്ള മൗലികാവകാശത്തില്‍പ്പെടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

മുത്തലാഖും ബഹുഭാര്യാത്വവും മുസ്ലീം സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലാക്കി. മുസ്ലീം സ്ത്രീകളുടെ വ്യക്തിനിയമം കഴിഞ്ഞ 65 വര്‍ഷമായി പരിഷ്‌കരിച്ചിട്ടില്ല. ഇത് ജനസംഖ്യയുടെ 8 ശതമാനത്തോളം വരുന്ന മുസ്ലീം സ്ത്രീകളെ അരക്ഷിതാവസ്ഥയിലാക്കിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ഏതാനും സ്ത്രീകള്‍ മാത്രമാണ് ഈ നിയമങ്ങള്‍ക്ക് വിധേയരാവുന്നതെങ്കിലും എല്ലാ സ്ത്രീകളും നിയമത്തിന്റെ ഭീതിയിലാണ് ജീവിക്കുന്നത്. ഇത് അവരുടെ സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ബാധിക്കുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *