പാലക്കാട്: മുപ്പതാമത് കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് നവംബര്‍ 17ന് മണ്ണാര്‍ക്കാട് തുടക്കമാകും. നവംബര്‍ 21 വരെ അഞ്ചുദിവസം നീളുന്ന മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 7,000ത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ശാസ്ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, വിവരസാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇതിനു പുറമെ വിദ്യാര്‍ഥികള്‍ക്കായി വിവിധ പ്രദര്‍ശനങ്ങള്‍, സ്കില്‍ ഫെസ്റ്റിവല്‍, കരിയര്‍ ഫെസ്റ്റിവല്‍ എന്നിവയും സംഘടിപ്പിക്കും.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നവംബര്‍ 17ന് വിളംബരജാഥ നടത്തും. വൈകിട്ട് മൂന്നിന് മണ്ണാര്‍ക്കാട് ജി.എം.യു.പി സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ജാഥ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമാപിക്കും. 1,500ലധികം പേര് ജാഥയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
മേളയില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും താമസം, ഭക്ഷണം, ഗതാഗതം എന്നിവയ്ക്കുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പൂര്‍ണമായും പാലിച്ചായിരിക്കും മേള സംഘടിപ്പിക്കുക. എല്ലാ ദിവസവും വൈകിട്ട് കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.
മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ ശാസ്ത്രോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
