കല്‍പ്പാത്തി രഥോത്സവത്തിന് സമാപനം;ദേവരഥസംഗമത്തിന് സാക്ഷിയായി ആയിരങ്ങള്‍

പാലക്കാട്: പതിനൊന്ന് ദിവസം നീണ്ട കല്‍പ്പാത്തി രഥോത്സവത്തിന് തിങ്കളാഴ്ച വൈകിട്ട് പ്രൗഢമായ ദേവരഥസംഗമത്തോടെ സമാപനമായി. അലങ്കരിച്ച ആറ് ക്ഷേത്രരഥങ്ങള്‍ കല്‍പ്പാത്തിയിലെ തേരുമുട്ടിയില്‍ സംഗമിച്ച ചടങ്ങിന് ആയിരക്കണക്കിന് ഭക്തരും സന്ദര്‍ശകരുമാണ് സാക്ഷികളായത്.
കല്‍പ്പാത്തി ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, പുതിയ കല്‍പ്പാത്തിയിലെ മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരത്തെ പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള രഥങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.
ശനിയാഴ്ചയാണ് രഥപ്രയാണങ്ങള്‍ക്ക് തുടക്കമായത്. വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥങ്ങളായിരുന്നു ആദ്യദിവസം പ്രയാണം നടത്തിയത്. ഞായറാഴ്ച മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നുള്ള രഥങ്ങള്‍ പ്രയാണം നടത്തി. തിങ്കളാഴ്ച നടന്ന അവസാനദിവസത്തെ പ്രയാണത്തോടെയാണ് വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള രഥങ്ങള്‍ ഒരുമിച്ച് ദേവരഥസംഗമത്തിന് എത്തിയത്.
പരമ്പരാഗത അഗ്രഹാരങ്ങളുടെ ഇടുങ്ങിയ തെരുവുകളിലൂടെ ഭക്തര്‍ കൂറ്റന്‍ മരരഥങ്ങള്‍ വലിച്ചുനീക്കി. ഭക്തിഗാനങ്ങളും വാദ്യമേളങ്ങളും നാമജപങ്ങളുമായി നാടെങ്ങും ഉത്സവലഹരിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരും വിനോദസഞ്ചാരികളും ചടങ്ങ് കാണാനെത്തി.
തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം ക്രമീകരിക്കുന്നതിനും പൊലീസ് അധികസേനയെ വിന്യസിച്ചിരുന്നു. ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.നവംബര്‍ ഏഴിന് ആരംഭിച്ച ഉത്സവം ചൊവ്വാഴ്ച കൊടിയിറക്കവും മറ്റ് ആചാരാനുഷ്ഠാനങ്ങളോടെയും സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *