കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരി മരിച്ചു

ബെംഗളുരൂ: വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരി മരിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സമീപത്ത് 28 അടി താഴ്ചയില്‍ തുരങ്കമുണ്ടാക്കി കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ 54 മണിക്കൂറിലേറെ നീണ്ട ശ്രമം വിഫലമാവുകയായിരുന്നു. അത്താനി താലൂക്കില്‍പ്പെട്ട ധുന്‍ജരവാഡി ഗ്രാമത്തിലെ വയലില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാവേരി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ മറയില്ലാതെ കിടന്നിരുന്ന കുഴല്‍ക്കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. മുപ്പതടി താഴ്ചയിലാണ് കുട്ടി തങ്ങി നിന്നിരുന്നത്.

ലോക്കല്‍ പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ രക്ഷാപ്രവര്‍ത്തനം വിഫലമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പൂനയില്‍ നിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *