ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേലിനെ പെണ്‍കെണിയില്‍ കുടുക്കി പണം ആവശ്യപ്പെട്ടത് ഒരു അഭിഭാഷകയാണെന്ന് റിപ്പോര്‍ട്ട്. തന്നെ ബലാത്സംഗം ചെയ്തതായി കാട്ടി സ്ത്രീ നേരത്തെ പോലീസിനെ സമീപിച്ചിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പറയുന്നു. പിന്നീട് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കേസെടുത്തതായാണ് റിപ്പോര്‍ട്ട്.
തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന പട്ടേലിന്റെ ആരോപണത്തെ തുടര്‍ന്ന് അന്വേഷണസംഘം യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല.
ചതിയിലൂടെ തന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും പുറത്തുവിടാതിരിക്കാന്‍ അഞ്ചു കോടിരൂപ ആവശ്യപ്പെട്ടു എന്നുമാണ് പരാതിയില്‍ പറയുന്നത്. സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സ്ത്രീ തന്നെ ഗാസിയാബാദിലെ വീട്ടിലേക്ക് വിളിപ്പിച്ചെന്നും മയക്കുമരുന്ന് നല്‍കിയശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നെന്നും കെ.സി. പട്ടേല്‍ നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ പട്ടേല്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്നും തുടര്‍ച്ചയായുള്ള ശല്യം ഒഴിവാക്കാനാണ് താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് യുവതിയുെ വാദം. ഒരുമാസം മുമ്പ് ഗാസിയാബാദ് പോലീസ് സ്റ്റേഷനില്‍ താന്‍ പരാതിയുമായെത്തിയെങ്കിലും അത് അധികാര പരിധിക്കു പുറത്താണെന്ന് പറഞ്ഞ് പോലീസ് സ്വീകരിച്ചില്ല എന്നും യുവതി പറയുന്നു.
