ബരേലി: ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബരേലി ദേശീയ പാത 24 ല്‍ വെളുപ്പിന് ഒരു മണിക്കാണ് സംഭവം.
ന്യൂഡല്‍ഹിയില്‍ നിന്നും ഗോണ്ടയിലേക്ക് പോകുകയായിരുന്ന ഉത്തര്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. നിര്‍മ്മാണം നടക്കുന്ന ജങ്ഷനിലൂടെ അമിത വേഗതയില്‍ ബസോടിച്ചതാവാം അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് ട്രക്കുമായി ഇടിക്കുകയും ഉടന്‍ തന്നെ തീപിടിക്കുകയുമായിരുന്നു. പെട്ടെന്നുള്ള തീപിടുത്തം കാരണം പലര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. എല്ലാവരും ഉറക്കത്തിലായതും മരണ സംഖ്യ ഉയര്‍ത്തി. കുറച്ച് പേര്‍ ജനാലിലൂടെ ചാടിയാണ് രക്ഷപ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തന്നെ പലരുടെയും നില ഗുരുതരമാണ്. മരണപ്പെട്ടവരില്‍ 10 പേരെ തിരിച്ചറിഞ്ഞതായി എസ് പി ജോഗീന്ദര്‍ കുമാര്‍ പറഞ്ഞു.
