കൊച്ചി: ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള ഡിജിപിയായി നിയമിച്ചതെന്ന് ഹൈക്കോടതി. ടോമിന്‍ തച്ചങ്കരിക്കെതിരായ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ടിപി സെന്‍കുമാര്‍ പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു മുന്‍പ് സംസ്ഥാന പോലീസില്‍ നടന്ന സ്ഥലംമാറ്റങ്ങളും ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള ഡിജിപിയായി നിയമിച്ചതും ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജ്ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തകയില്‍ നിയമിച്ചതെന്നും ഹര്‍ജ്ജിയില്‍ ആരോപിച്ചിരുന്നു.
ടോമിന്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണങ്ങളും ഹര്‍ജ്ജിയിലുണ്ടായിരുന്നു. നിരവധി കേസുകളില്‍ പ്രതിയും ആരോപണങ്ങള്‍ നേരിടുന്ന ആളുമാണ് തച്ചങ്കരി. അങ്ങനെയുള്ള ഒരാളെ പോലീസ് ആസ്ഥാനത്തെ തന്ത്രപ്രധാനമായ ഒരു പോസ്റ്റില്‍ ഇരുത്തുന്നത് ശരിയല്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ടോമിന്‍ തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ സംബന്ധിച്ചും ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ രേഖാമൂലം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷമാകും ഈ കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടാകുക.
