തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മൂന്ന് ഡോക്യുമെന്ററികളും രാജ്യത്തെ കാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ വി.പി സാനു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ ജാതീയതയുടെ രക്തസാക്ഷിയായ രോഹിത് വെമുലയെ കുറിച്ച് പിന്.എന്‍ രാമചന്ദ്ര സംവിധാനം ചെയ്ത ‘ദി അണ്‍ബെയ്റബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്’, ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷാഭത്തെ കുറിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത ‘മാര്‍ച്ച്..മാര്‍ച്ച്…മാര്‍ച്ച്’, കാശ്മീരിനെ കുറിച്ച് എന്‍.സി ഫാസില്‍, ഷാന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത ‘ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍’ എന്നീ ഡോക്യൂമെന്ററികള്ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
