വയനാട്ടില്‍ വിളയുന്നത് എണ്ണപ്പനകള്‍

മരുഭൂമിയില്‍ വളരുന്ന എണ്ണപ്പനയ്ക്ക് വയനാട്ടിലും വേരോട്ടം. ഇത്തവണത്തെ കടുത്ത വേനലില്‍ മികച്ച വിളവാണ് എണ്ണപ്പന കര്‍ഷര്‍ക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരള്‍ച്ച പ്രതികൂലമായി ബാധിച്ചപ്പോള്‍ ജില്ലയില്‍ മുപ്പത് ഡിഗ്രിമുതല്‍ ഉയര്‍ന്ന താപനിലയില്‍ എണ്ണപ്പനകള്‍ നന്നായി കായ്ച്ചു. തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പിലില്‍ 13 ഏക്കര്‍ തോട്ടത്തില്‍ ക്വിന്റല്‍ കണക്കിന് എണ്ണപ്പനകുരുക്കള്‍ വിളവെടുത്തു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിളവെടുപ്പ് നടന്ന സീസണാണിത്. തിരുവമ്പാടി സ്വദേശിയായ അപ്പച്ചനാണ്  തോട്ടത്തിന്റെ ഉടമ.

പരീക്ഷണാടിസ്ഥാനത്തിലാണ് എണ്ണപ്പന ഇവിടെ വ്യാപകമായി കൃഷി ചെയ്തത്. മൂന്നുവര്‍ഷത്തോളമായി വിളവെടുപ്പും തുടങ്ങി. പകുതിയിലധികം എണ്ണപ്പനകള്‍ മാത്രമാണ് ഇപ്പോള്‍ വിളവെടുക്കുന്നത്. കൊല്ലത്തുള്ള സംസ്‌കരണ കേന്ദ്രത്തിലേക്കാണ് ഇവിടെ നിന്നും എണ്ണക്കുരുക്കള്‍ കയറ്റി അയക്കുന്നത്. മഴയെത്തിയതോടെ പതിനഞ്ച് ദിവസം ഇടവിട്ട രണ്ടു വിളവെടുപ്പ് കൂടിയാണ് ബാക്കിയുള്ളത്. കൃത്യമായ പരിപാലനമുണ്ടെങ്കില്‍ വയനാട്ടിലെ മാറിയ കാലാവസ്ഥ എണ്ണപ്പനകൃഷിക്ക് അനുയോജ്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പൊതുവെ വേനല്‍ക്കാലം കൂടുതലുള്ള മലേഷ്യ ,സിങ്കപ്പൂര്‍ എന്നിവിടങ്ങളിയാലിരുന്നു എണ്ണപ്പന കൃഷി കൂടുതലായുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തലപ്പുഴയിലെ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് എണ്ണപ്പനകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. പിന്നീട് ചെറുകിട കര്‍ഷകരും ഇത് ഏറ്റെടുത്തു തുടങ്ങി. കുറഞ്ഞത് 5 മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. രണ്ട് മുതല്‍ നാലുമാസം വരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും. വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനംങ്കുലയില്‍ പരാഗണത്തിന് സഹായിക്കുന്നത്.

തൈനട്ട് മൂന്നര നാലുവര്‍ഷത്തിനുള്ളില്‍ ശരിയായ പരിചരണമുണ്ടെങ്കില്‍ എണ്ണപ്പന കായ്ച്ച് തുടങ്ങും. മാറി വരുന്ന കാലാവസ്ഥയും മരുവത്ക്കരണവുമാണ് എണ്ണപ്പന പോലുള്ള ഉഷ്ണമേഖല വിളകളെയും ഈ നാട് വരവേല്‍ക്കുന്നതിന്റെ സൂചന.വേനല്‍ക്കാലത്തും ഈര്‍പ്പം നിലനിര്‍ത്തിയിരുന്ന തോട്ടങ്ങളില്‍ കുരുമുളകും കാപ്പിയും വിളഞ്ഞിരുന്ന പഴയകാലത്തില്‍ നിന്നും വയനാട്ടിലെ കര്‍ഷകര്‍ പുതിയ വിളകളെ തേടിയും നെട്ടോട്ടത്തിലാണ്. ഇതിനിടയില്‍ എണ്ണപ്പന കര്‍ഷകരുടെ കൂട്ടായ്മയും ജില്ലയില്‍ പുതിയ മുന്നേറ്റം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *