തിരുവനന്തപുരം: കേരള ഭരണം ഉടന്‍ കൈകളിലെത്തുമെന്ന പ്രതീക്ഷയില്‍ ബിജെപി നേതൃത്വം. ഉടന്‍ തങ്ങള്‍ കേരളം ഭരിക്കുമെന്ന് ബിജെപി നേതാക്കള്‍ പ്രസ്താവിക്കുമ്പോള്‍ പുച്ഛിച്ച് തള്ളുന്നവര്‍ക്കുള്ള മറുപടിയായാണ് ബിജെപിയുടെ ഈ ‘പ്രതീക്ഷ’. ഇക്കാര്യം നടക്കുമെന്ന് ഉറപ്പിച്ച ബിജെപിക്കാര്‍ അമിത് ഷാ തറക്കല്ലിട്ട പുതിയ ആസ്ഥാനമന്ദിരത്തിന്റെ രൂപരേഖയില്‍ മുഖ്യമന്ത്രിയ്ക്കായി ഓഫീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് നിന്നും ഈ വാര്‍ത്ത മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിലാണ് പുതിയ ആസ്ഥാന മന്ദിരം. കഴിഞ്ഞയാഴ്ചയാണ് അമിത് ഷാ നിര്‍ദ്ദിഷ്ട ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടത്. ഭൂമിക്ക് തഴെ രണ്ട് നിലകളും മുകളില്‍ അഞ്ച് നിലകളുമായി ആകെ ഏഴ് നിലകളാണ് മന്ദിരത്തിന് ഉള്ളത്.
പാര്‍ട്ടി ആസ്ഥാനത്ത് എത്തുമ്പോള്‍ ‘മുഖ്യമന്ത്രി’യ്ക്ക് വിശ്രമിക്കാനും ചര്‍ച്ച നടത്താനുമാണത്രെ ഓഫീസ്. തറക്കല്ലിട്ടത് പുതിയ സര്‍ക്കാറിനു കൂടിയാണെന്ന് അന്ന് അമിത് ഷാ ഓര്‍മ്മിപ്പിച്ചിരുന്നു.
