ന്യൂഡല്‍ഹി: കശ്മീരിലെ യുവജനങ്ങളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സേന നടത്തിയ പരിശീലനപരിപാടിയില്‍ ഒമ്പതു പേര്‍ ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷ പാസായി. സൂപ്പര്‍ 40 എന്ന പേരില്‍ സൈന്യം നടത്തിയ പരിശീലനപരിപാടിയില്‍ 40 കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ രണ്ടു പെണ്‍കുട്ടികളടക്കം 28 പേര്‍ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മെയിന്‍ പരീക്ഷ പാസായിരുന്നു. അഞ്ചുപേര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പരീക്ഷ എഴുതിയിരുന്നില്ല.
ശ്രീനഗറിലാണ് പരിശീലന പരിപാടി നടത്തിയിരുന്നത്. ഈ വര്‍ഷം അഞ്ചു പെണ്‍കുട്ടികളാണ് സൂപ്പര്‍ 40 ബാച്ചില്‍ ഉണ്ടായിരുന്നത്.സേനയും സന്റെര്‍ ഫോര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്റ് ലേണിങ്ങും സംയുക്തമായാണ് കോച്ചിങ് നല്‍കിയത്.
ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള കശ്മീരി യുവജനതയുടെ ഉയര്‍ച്ചക്കുവേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി നടത്തിയതെന്ന് സൈന്യം അറിയിച്ചു. മൂന്നുവര്‍ഷമായി സൂപ്പര്‍ 40 ബാച്ച് നടത്തിവരുന്നുണ്ടെന്നും ആദ്യമായാണ് ഒമ്പതുപേര്‍ ജെ.ഇ.ഇ പാസാകുന്നതെന്നും അധികൃതര്‍ അറിയിച്ചു. കരസേന മേധാവി ബിപിന്‍ റാവത്ത് എന്‍ട്രന്‍സ് പാസായ വിദ്യാര്‍ഥികളെ നേരിട്ട് അനുമോദനം അറിയിച്ചു.
