മലപ്പുറം: പത്താം ക്ലാസുകാരന്‍ ഡോക്ടര്‍ ചമഞ്ഞ് രോഗികളെ പരിശോധിച്ചത് മാസങ്ങളോളം. ഒടുവില്‍ വ്യാജഡോക്ടര്‍ അറസ്റ്റിലായി. ശസ്ത്രക്രിയ കൂട്ടാതെ ഹൃദ് രോഗം മാറ്റിക്കൊടുക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് എടപ്പാളിനടുത്ത അണ്ണക്കമ്പാട്ട് കഴിഞ്ഞ എട്ടു മാസമായി ചികിത്സ നടത്തിവന്നിരുന്ന തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശി മമ്മു മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്.മലപ്പുറം ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടര്‍ പിടിയിലായത്.
പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു. വിവിധ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് പകര്‍പ്പെടുത്തത് കാണിച്ചായിരുന്നു ചികിത്സ നടത്തിവന്നിരുന്നത്. ഇയാള്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരു മാസത്തെ ചികിത്സക്ക് ഒരാളില്‍ നിന്ന് ഒന്നര ലക്ഷം രൂപ വരെ വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.പ്രതിയെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും.
