ജയരാജനെതിരായ യുഎപിഎ; സര്‍ക്കാരിന്റെ അനുമതിയില്ല, പിന്നീട് നോക്കാമെന്ന് കോടതി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ യുഎപിഎ ചുമത്തിയതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ല. ഇക്കാര്യം പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇപ്പോള്‍ കുറ്റപത്രം പരിശോധിച്ച് വരികയാണെന്നും പ്രതിഭാഗം ഉന്നയിച്ച വിഷയത്തില്‍ പിന്നീട് വാദം കേള്‍ക്കാമെന്നും സിബിഐ പ്രത്യേക കോടതി അറിയിച്ചു.

ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ വധിച്ച കേസില്‍ സിബിഐ അനുബന്ധ കുറ്റപത്രം കഴിഞ്ഞാഴ്ചയാണ് സമര്‍പ്പിച്ചത്. പി ജയരാജനാണ് മുഖ്യ ആസൂത്രകനെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജന്‍ മുഖ്യ ആസൂത്രകനാണെന്ന് പറഞ്ഞിരുന്നില്ല.

തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജന്‍ 25 ാം പ്രതിയാണ്. യുഎപിഎ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്നു, ക്രിമനല്‍ ഗൂഢാലോചന, യുഎപിഎ പ്രകാരമുള്ള ആസൂത്രണം, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

മനോജ് വധക്കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയവൈരാഗ്യം മൂലമുള്ള കൊലപാതകമാണിതെന്ന് സിബിഐ പറയുന്നു. കൂടാതെ മനോജിനോട് പ്രതികള്‍ക്ക് വ്യക്തിപരമായ ശത്രുതയുമുണ്ടായിരുന്നു.

2014 സപ്തംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്നു ഇറങ്ങിയ മനോജിന്റെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വണ്ടിയില്‍ നിന്നിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ആഗസ്ത് 25ന് തിരുവോണനാളില്‍ ജയരാജനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്.

Leave a Reply

Your email address will not be published. Required fields are marked *