ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തലില്‍ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാര്‍ നിലംപതിക്കാന്‍ പോവുകയാണെന്ന മുന്നറിയിപ്പുമായാണ് രാഹുലിന്റെ ട്വീറ്റ്. സാമ്ബത്തിക മാന്ദ്യവും കുറഞ്ഞ വളര്‍ച്ചാ നിരക്കും ഇന്ത്യയെ കൂപ്പുകുത്തിക്കുമെന്നും ട്വീറ്റിലൂടെ രാഹുല്‍ പറയുന്നു.
‘മാന്യ ജനങ്ങളെ, നിങ്ങളുടെ സഹപൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ വേഗം സീറ്റ് ബെല്‍റ്റ് ധരിച്ച് സുരക്ഷിതമായി ഇരിക്കുക. വിമാനത്തിന്റെ ചിറകുകള് താഴേക്ക് കൂപ്പുകുത്താന്‍ തുടങ്ങി’ എന്നായിരുന്നു രാഹുല്‍ ട്വിറ്റ് ചെയ്തത്.
രാജ്യത്തെ സമ്പദ്വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുവെന്നും ജി.ഡി.പി സര്‍ക്കാര്‍ വെളിപ്പെടുത്തിയതിനേക്കാള്‍ രണ്ടു ശതമാനം കുറവാണെന്നുമാണ് യശ്വന്ത് സിന്‍ഹ വെളിപ്പെടുത്തിയത്. സേവന മേഖലയുള്‍പ്പെടെ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
